ബന്ധു നിയമനത്തില്‍ ഇപി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍; സാമ്പത്തികമായോ അല്ലാതെയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ല

കൊച്ചി: ബന്ധു നിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പ്രസ്തുത നിയമനം വഴി സാമ്പത്തികമായോ അല്ലാതയോ ആരും നേട്ടമുണ്ടാക്കിയിട്ടില്ലെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാവില്ലെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയ പത്രികയില്‍ പറയുന്നു. കേസിലെ കുറ്റാരോപിതര്‍ സാമ്പത്തിക നേട്ടമോ വിലപ്പെട്ട കാര്യസാധ്യമോ ഉണ്ടാക്കിയെങ്കില്‍ അത് വ്യക്തമാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വിജിലന്‍സിനോട് ആവശ്യപ്പെട്ടിരുന്നു.
ഹൈക്കോടതിയുടെ ചോദ്യത്തിന് നല്‍കിയ വിശദീകരണത്തിലാണ് ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്.
ജയരാജന്റെ ഭാര്യാ സഹോദരിയും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമായ പികെ. ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ ചട്ടം ലംഘിച്ചു കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചുവെന്നതാണ് വിവാദത്തിനാധാരം. കെഎസ്‌ഐഇഎല്‍ എംഡി സ്ഥാനത്തേക്ക് നിര്‍ദേശിക്കപ്പെട്ട രണ്ട് പേരുടെ പട്ടിക മന്ത്രിയായിരുന്ന ഇപി ജയരാജന്‍ വെട്ടിക്കളഞ്ഞുവെന്നാണ് ഉയര്‍ന്ന ആക്ഷേപം. ജയരാജന്‍ സ്വന്തം നിലയ്ക്കാണ് സുധീര്‍ നമ്പ്യാരെ നിയമിക്കാന്‍ നിര്‍ദേശം നല്‍കിയതെന്ന് അന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ബന്ധുനിയമനം വിവാദമായതോടെ കഴിഞ്ഞ ഒക്ടോബറില്‍ ജയരാജന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇപി ജയരാജനേയും പികെ ശ്രീമതിയേയും കേന്ദ്രകമ്മിറ്റി താക്കീത് ചെയ്തിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്ത ശേഷമാണ് പാര്‍ട്ടി അച്ചടക്ക നടപടിയെടുത്തത്.

© 2024 Live Kerala News. All Rights Reserved.