മംഗളം ഫോണ്‍കെണി വിവാദം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ എകെ ശശീന്ദ്രനെതിരെ കേസെടുത്തു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് എകെ ശശീന്ദ്രനെതിരെ സ്വമേധയാ കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകളാണ് എകെ ശശീന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിരന്തരം ശല്യം ചെയ്തു എന്ന മംഗളം ചാനല്‍ ജീവനക്കാരിയുടെ പരാതിയിന്‍മേലാണ് നടപടി. ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.
കോടതി നടപടി സ്വാഭാവികമാണെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു
കോടതി ശശീന്ദ്രന് നോട്ടീസയച്ചിട്ടുണ്ട്. കേസില്‍ ശശീന്ദ്രന്‍ മൊഴി നല്‍കേണ്ടി വരും. ലൈംഗികാരോപണം സംബന്ധിച്ച് പുറത്തു വന്ന ടേപ്പിന്റെ പൂര്‍ണരൂപം കോടതിയില്‍ ഹാജരാക്കേണ്ടി വരും.
ഫോണിലൂടെ എകെ ശശീന്ദ്രന്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. ശശീന്ദ്രന്‍ നിരന്തരം ശല്യപെടുത്തിയിരുന്നുവെന്നും, മുന്‍ മന്ത്രിയുമൊത്തുള്ള ഫോണ്‍ സംഭാഷണം സ്റ്റിങ് ഓപ്പറേഷനല്ലെന്നും യുവതി മൊഴി നല്‍കിയിരുന്നു. സംഭവത്തില്‍ യുവതിയടക്കം മുന്നു പേരുടെ മൊഴി നേരത്തെ രേഖപെടുത്തിയിരുന്നു.

മംഗളം ചാനലിന്റെ ലോഞ്ചിനോടനുബന്ധിച്ച് ചാനല്‍ പുറത്തുവിട്ട ലൈംഗികാരോപണ വാര്‍ത്തയെ തുടര്‍ന്നാണ് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്. വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന ആരോപണത്തെ തുടര്‍ന്ന് ചാനല്‍ മേധാവിക്കും ജീവനക്കാര്‍ക്കുമെതിരായി ക്രൈംബ്രാഞ്ചും ഹൈടെക് സെല്ലും അന്വേഷണം നടത്തുന്നുണ്ട്. ഇതിനിടെയാണ് ചാനല്‍ ജീവനക്കാരിയായ യുവതി കോടതിയില്‍ നേരിട്ട് പരാതി നല്‍കിയത്. മന്ത്രി തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചതായും അപമാനിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.

© 2022 Live Kerala News. All Rights Reserved.