മാടിനെ അറുത്ത് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ രാഹുല്‍ ഗാന്ധി; ‘കിരാതം, പാര്‍ട്ടിക്കും തനിക്കും യോജിക്കാനാവില്ല’

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിരെ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തില്‍ സംഭവിച്ചത് ബുദ്ധിശൂന്യവും കിരാതവും തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണെന്ന് രാഹുല്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പരസ്യമായി മാടിനെ അറുത്ത സംഭവം ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണൂര്‍ തായത്തെരു ടൗണില്‍ വെച്ച് പരസ്യമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ അറുത്തത്. ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് കശാപ്പ് ചെയ്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടിനെ പരസ്യമായി അറുത്തതെന്നാണ് നേതാക്കളുടെ വിശദീകരണം. മാടിനെ അറുത്തുകൊണ്ടുള്ള പ്രതിഷേധം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തിച്ചേര്‍ന്നിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നാട്ടുകാര്‍ക്ക് ഇറച്ചി വിതരണം ചെയ്തു.
പരസ്യമായി മാടിനെ അറുത്തുകൊണ്ട് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

© 2024 Live Kerala News. All Rights Reserved.