കണ്ണൂരിലെ കശാപ്പ് സമരം, ആയുധമാക്കി യോഗി ആദിത്യനാഥ്; ‘കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരം’

ലക്‌നൗ: കണ്ണൂരില്‍ പരസ്യമായി മാടിനെ അറുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ആയുധമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതേതരത്വത്തിന്റെ പേരില്‍ മറ്റുള്ളവരുടെ വികാരങ്ങള്‍ മാനിക്കണമെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് കേരളത്തിലെ നിര്‍ഭാഗ്യകരമായ സംഭവങ്ങളെക്കുറിച്ച് മൗനം പാലിക്കുന്നതെന്ന് യോഗി ആദിത്യനാഥ് ചോദിച്ചു. കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ബീഫ് ഫെസ്റ്റിവലുകള്‍ നിര്‍ഭാഗ്യകരമാണെന്നും ആദിത്യനാഥ് പറഞ്ഞു. ലക്‌നൗവില്‍ നടക്കുന്ന എബിവിപിയുടെ ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു യുപി മുഖ്യമന്ത്രിയുടെ പ്രതികരണം.
മാടിനെ പരസ്യമായി കശാപ്പ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കേരളത്തില്‍ സംഭവിച്ചത് ബുദ്ധിശൂന്യവും കിരാതവും തനിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും ഒരു തരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതുമാണെന്ന് രാഹുല്‍ പറഞ്ഞു. സംഭവത്തില്‍ ശക്തമായി അപലപിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.

കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് സമരം വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. പരസ്യമായി മാടിനെ അറുത്ത സംഭവം ദേശീയമാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കണ്ണൂര്‍ തായത്തെരു ടൗണില്‍ വെച്ച് പരസ്യമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ അറുത്തത്. ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് കശാപ്പ് ചെയ്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടിനെ പരസ്യമായി അറുത്തതെന്നാണ് നേതാക്കളുടെ വിശദീകരണം. മാടിനെ അറുത്തുകൊണ്ടുള്ള പ്രതിഷേധം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തിച്ചേര്‍ന്നിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നാട്ടുകാര്‍ക്ക് ഇറച്ചി വിതരണം ചെയ്തു.

© 2024 Live Kerala News. All Rights Reserved.