‘കശ്മീരിലെ ‘വൃത്തികെട്ട യുദ്ധ’ത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ ആവശ്യമാണ്’; യുവാവിനെ കവചമാക്കി ജീപ്പില്‍ കെട്ടിയിട്ടതിനെ ന്യായീകരിച്ച് കരസേനാ മേധാവി

ന്യൂ ഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് കവചമാക്കിയ സൈന്യത്തിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി. ജമ്മു കശ്മീരിലെ വൃത്തിക്കെട്ട യുദ്ധത്തിനെതിരെ പുതിയ തന്ത്രങ്ങള്‍ പരീക്ഷിക്കേണ്ടത് ആവശ്യമായി വരുമെന്നാണ് ബിപിന്‍ റാവത്ത് പറഞ്ഞത്.
ആളുകള്‍ കല്ലുകളും പെട്രോള്‍ ബോംബുകളും ഞങ്ങള്‍ക്ക് നേരെ എറിയുമ്പോള്‍, എനിക്ക് എന്റെ ആളുകളോട് പറയാനാവില്ല കാത്തിരുന്ന് മരിക്കൂ എന്ന്. ആളുകള്‍ കല്ലെറിയുന്നതിന് പകരം സൈന്യത്തിനെതിരെ വെടിക്കോപ്പുകള്‍ ഉപയോഗിക്കുമെങ്കില്‍ അതാണ് നല്ലത്.
ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി

ഏപ്രില്‍ ഒമ്പതിന് ശ്രീനഗറിലെ ഉപതിരഞ്ഞെടുപ്പിനിടെയാണ് ഫാറൂഖ് അഹമ്മദ് ദാര്‍ എന്ന ഇരുപത്താറുകാരനെ സൈന്യം മനുഷ്യ കവചമാക്കിയത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ജീപ്പിന് മുകളില്‍ യുവാവിനെ കെട്ടിയിട്ടതെന്നാണ് സൈന്യത്തിന്റെ വാദം. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്. സൈന്യത്തിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധകരില്‍ ഒരാളാണ് ഫാറൂഖ് എന്നാണ് സൈന്യം പറഞ്ഞത്. എന്നാല്‍ താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നാണ് ഫാറൂഖിന്റെ വാദം.

യുവാവിനെ കെട്ടിയിട്ട് ജനക്കൂട്ടത്തിന്റെ കല്ലേറ് തടയാന്‍ ഉത്തരവിട്ട മേജര്‍ ലിതിന്‍ ഗൊഗോയെ ഭീകര വിരുദ്ധ പോരാട്ടത്തെ മുന്‍നിര്‍ത്തി സൈനിക ബഹുമതി നല്‍കി ആദരിച്ചിരുന്നു. സൈന്യത്തിന് നേരെ കല്ലെറിയുന്നവരെ തടയാനെന്ന പേരില്‍ തന്നെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ട് റോന്ത് ചുറ്റാന്‍ ഉത്തരവിട്ട സൈനിക മേധവിക്ക് ആദരിക്കുന്നതാണ് ഇന്ത്യന്‍ നിയമമെങ്കില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് സൈന്യത്തിന്റെ നടപടിക്ക് ഇരയായ ഫറൂഖ് അഹമ്മദ് ദാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.

© 2022 Live Kerala News. All Rights Reserved.