പരസ്യമായി കശാപ്പ് കാട്ടാളത്തമെന്ന് കുമ്മനം; കോടിയേരിയുടേത് പാകിസ്താനിയുടെ സ്വരം

പരസ്യമായി കശാപ്പ് നടത്തുന്നത് കട്ടാളത്തമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി വിരോധത്തിന്റെ പേരില്‍ കേരളത്തിലെ ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കശാപ്പുകാരായി മാറിയോയെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരാഞ്ഞു. യുവാക്കള്‍ കശാപ്പുകാരായി തെരുവുകളില്‍ പേക്കൂത്ത് നടത്തുന്ന കാഴ്ച ഞെട്ടലുളവാക്കുന്നതായിരുന്നുവെന്നും കശാപ്പുകാരന്റെ മനസ്സുമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനെത്തുന്ന ഇവരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും കുമ്മനം പറഞ്ഞു.
പ്രതിഷേധത്തിന്റെ പേരില്‍ നടുറോഡില്‍ മൃഗങ്ങളെ കശാപ്പു ചെയ്യുകയും മൃഗങ്ങളുടെ ചോരയൊലിക്കുന്ന തലയുമായി പ്രകടനം നടത്തുകയും ചെയ്യുന്നത് സാമാന്യ ബുദ്ധിയുള്ളവര്‍ ചെയ്യുന്ന കാര്യമാണോയെന്ന് ചിന്തിക്കണം. ബീഫ് പാകം ചെയ്ത് വിതരണം ചെയ്യുന്നതിനു വേണ്ടി പൊതുജന മധ്യത്തില്‍ പരസ്യമായി കശാപ്പ് നടത്തുന്നത് കാട്ടാളത്തമാണ്. ഭാവികേരളത്തെപ്പറ്റി പ്രത്യാശയ്ക്ക് വകയില്ലെന്നു തോന്നിപ്പിക്കുന്ന സംഭവങ്ങളാണ് രണ്ടു ദിവസങ്ങളായി കേരളത്തില്‍ അരങ്ങേറിയതെന്നും കുമ്മനം പറഞ്ഞു.
കോടിയേരിയുടെത് പാകിസ്താനിയുടെ സ്വരമെന്നും കോടിയേരിക്കെതിരെ നിയമനടപടിയെന്നും കുമ്മനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ സൈനികരുടെ അപമാനിച്ച കോടിയേരിയുടെ നിലപാട് രാജ്യദ്രോഹകരമാണ്. ഇന്ത്യന്‍ സൈന്യത്തെ കൊലപാതകികളും മാനഭംഗക്കാരുമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് പാക്കിസ്താന്‍കാരുടെ സ്വരമാണെന്നും കുമ്മനം പറഞ്ഞു. അതിനുള്ള അംഗീകാരമാണ് കോടിയേരിയെ പ്രകീര്‍ത്തിച്ച് പാക്കിസ്താന്‍ ദിനപ്പത്രങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.
Also Read: കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ചത് മതസ്പർദ്ധ വർധിപ്പിക്കാനെന്ന് കോടിയേരി; ‘ ഉത്തരവ് രാജ്യമാകെ മനുസ്മൃതി നടപ്പിലാക്കുമെന്ന വിളംബരം’

© 2022 Live Kerala News. All Rights Reserved.