കശാപ്പ് നിരോധനത്തിനെതിരെ പരസ്യമായി മാടിനെ അറുത്ത് പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

പരസ്യമായി മാടിനെ അറുത്തുകൊണ്ട് സമരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. യുവമോര്‍ച്ച നല്‍കിയ പരാതിയിന്‍മേലാണ് കേസെടുത്തത്. പൊതുസ്ഥലത്ത് മാടിനെ അറുത്തതിനെതിരെ കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് മുമ്പാകെയാണ് യുവമോര്‍ച്ച പരാതി നല്‍കിയിരുന്നത്. റിജില്‍ മാക്കുറ്റി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.
കണ്ണൂര്‍ തായത്തെരു ടൗണില്‍ വെച്ച് പരസ്യമായാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ അറുത്തത്. ഒന്നര വയസ് മാത്രം പ്രായമുളള മാടിനെ സംസ്ഥാന-ജില്ലാ നേതാക്കളുടെ സാന്നിധ്യത്തിലാണ് കശാപ്പ് ചെയ്തത്. ശക്തമായ പ്രതിഷേധം അറിയിക്കാനാണ് മാടിനെ പരസ്യമായി അറുത്തതെന്നാണ് നേതാക്കളുടെ വിശദീകരണം. മാടിനെ അറുത്തുകൊണ്ടുള്ള പ്രതിഷേധം കാണാന്‍ ഒട്ടേറെപ്പേര്‍ എത്തിച്ചേര്‍ന്നിരുന്നു. വാഹനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ നാട്ടുകാര്‍ക്ക് ഇറച്ചി വിതരണം ചെയ്തു.

കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ പരസ്യമായി മാടിനെ അറുത്തുകൊണ്ട് നടത്തിയ യൂത്ത് കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. രാജ്യത്താകെ ഉയരുന്ന സമരത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബാധിക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമെന്ന് എംബി രാജേഷ് എംപി പറഞ്ഞു. ഇത് സംഘപരിവാറിനെയാണ് സഹായിക്കുകയെന്നും എംബി രാജേഷ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് എം ലിജുവും രംഗത്തെത്തി. സമരരീതിയില്‍ മാന്യതയാകാമെന്നായിരുന്ന എം ലിജുവിന്റെ പ്രതികരണം.

© 2024 Live Kerala News. All Rights Reserved.