ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി; ‘കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട’

തിരുവനന്തപുരം: അറവുമാട് വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും. ജനങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ഭക്ഷണക്രമം ഡല്‍ഹിയില്‍ നിന്നോ നാഗ്പൂരില്‍ നിന്നോ തീരുമാനിക്കേണ്ട. ആര് വിചാരിച്ചാലും അത് മാറ്റാനാകില്ലെന്നും പിണറായി പറഞ്ഞു.
കേന്ദ്ര വിജ്ഞാപനം ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് എതിരാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയിരുന്നു. നടപ്പാക്കാന്‍ പ്രയാസമുളള തീരുമാനമാണ് ഇതെന്നും പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാണ് കത്ത്.

കേന്ദ്ര നിയമത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. ഉത്തരവിനെതിരെ നിയമനിര്‍മ്മാണം ഉള്‍പെടെയുള്ള കാര്യങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനയില്‍. ഇതുമായി സംബന്ധിച്ച് അന്തിമതീരുമാനത്തിനായി സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കും.

© 2022 Live Kerala News. All Rights Reserved.