പഞ്ചാബ് മന്ത്രിയുടെ മുന്‍പാചകക്കാരന്‍ ലേലത്തില്‍ മണല്‍ ഖനി നേടിയത് 26 കോടിക്ക്; അധികാരത്തിലെത്തി ഒരു മാസം പിന്നിടുമ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി വിവാദത്തില്‍

ചണ്ഡീഗഢ്: അധികാരത്തിലേറി ഒരു മാസം പിന്നിടുമ്പോള്‍ പഞ്ചാബ് അമരീന്ദര്‍ സിംഗ് സര്‍ക്കാരിന്റെ അനധികൃത മണല്‍ ഖനി ലേലം വിവാദ കുരുക്കിലേക്ക്. സംസ്ഥാനത്തെ മണല്‍ ഖനി ലേലത്തില്‍ ഗുണഭോക്താക്കളായവരില്‍ കോണ്‍ഗ്രസ് വൈദ്യുതി മന്ത്രി റാണ ഗുര്‍ജിത് സിങ്ങിന്റെ അടുത്തയാളുകളും. മന്ത്രിയുടെ മുന്‍പാചകക്കാരന്‍ 26 കോടിക്കാണ് മണല്‍ ഖനി ലേലത്തില്‍ പിടിച്ചത്.
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് 89 ഖനികളുടെ ലേലമാണ് പഞ്ചാബില്‍ നടന്നത്. ഖജനാവിലേക്ക് എത്തിച്ചേര്‍ന്നതാകട്ടെ ആയിരം കോടി രൂപയോളവും. ലേലത്തിലൂടെ ലൈസന്‍സ് നേടിയെടുത്തവരില്‍ നാലു പേര്‍ മന്ത്രിയുമായി അടുപ്പമുള്ളവരാണ്. ഇതില്‍, 26.5 കോടി രൂപയ്ക്കാണ് നവാന്‍ഷഹര്‍ ജില്ലയിലെ ഖനി 36-കാരനായ അമിത് ബഹാദൂര്‍, മന്ത്രിയുടെ മുന്‍ പാചകക്കാരന്‍ നേടിയെടുത്തത്.
രേഖകള്‍ പ്രകാരം ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം വാര്‍ഷികവരുമാനമുള്ളയാളാണ് ബഹാദൂര്‍. ആദായ നികുതിയുടെ കണക്കുകള്‍ പ്രകാരം, 2014-15 ല്‍, 75,390 രൂപയും 2015-16 ല്‍ 92,679 രൂപയുമാണ് അദ്ദേഹത്തിന്റ വാര്‍ഷിക വരുമാനം. ഏപ്രില്‍ ഒന്നിന് ബഹാദൂറിന്റെ ബാങ്ക് ബാലന്‍സ് വെറും 4,840 രൂപയായിരുന്നു. മന്ത്രിയുടെ പഞ്ചസാര കമ്പനിയിലെ മുന്‍ ജീവനക്കാരനായ കുല്‍വിന്ദര്‍ സിങ്ങും ലേലത്തില്‍ പങ്കെടുത്തിരുന്നു. മെഹ്ദിപുരിലെ ഖനി 9.21 കോടി രൂപയ്ക്കാണ് അദ്ദേഹം സ്വന്തമാക്കിയത്.

ഫെബ്രുവരിയില്‍ നടന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ഥി എന്ന വിശേഷണമുള്ള റാണ ഗുര്‍ജിത് സിങ്, സംസ്ഥാനത്തെ പ്രമുഖ കരിമ്പ് വ്യവസായിയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലം പ്രകാരം ഇദ്ദേഹത്തിന് 169 കോടിയുടെ സ്വത്തുണ്ട്.

© 2022 Live Kerala News. All Rights Reserved.