താഴ്‌വര വീണ്ടും സംഘര്‍ഷഭരിതം; ഹിസ്ബുള്‍ കമാന്‍ഡറുടെ വധത്തിന് പിന്നാലെ ശ്രീനഗറില്‍ കര്‍ഫ്യൂ; പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യത്തിന്റെ വെടിവെപ്പ്, ഒരാള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്‌സര്‍ അഹമ്മദ് ഭട്ടിനെ സൈന്യം വകവരുത്തിയതിന് പിന്നാലെ കശ്മീരില്‍ സംഘര്‍ഷം. ശ്രീനഗറില്‍ വിവിധ ഇടങ്ങളില്‍ കശ്മീര്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. വിഘടനവാദികള്‍ രണ്ട് ദിവസത്തേക്ക് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സൈന്യത്തിന് നേര്‍ക്ക് തെക്കന്‍ കശ്മീരില്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധത്തിനിടയില്‍ കല്ലേറുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ക്കുകയും പെല്ലറ്റ് പ്രയോഗിക്കുകയും ചെയ്തു. വെടിവെപ്പില്‍ ഒരു യുവാവ് കൊല്ലപ്പെട്ടു. 60ഓളം പേര്‍ക്ക് പരുക്കേറ്റു.
ഹിസ്ബുള്‍ തീവ്രവാദികളെ സൈന്യം വധിച്ചതിന് പിന്നാലെ താഴ്‌വരയില്‍ സംഘര്‍ഷം ഉടലെടുത്തതോടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. സോഷ്യല്‍ മീഡിയക്ക് വീണ്ടും നിരോധനമേര്‍പ്പെടുത്തി. ഹിസ്ബുള്‍ മുജാഹിദ്ദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായ 27 വയസുകാരനായ സബ്‌സര്‍ ത്രാലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. സബ്‌സറിനൊപ്പം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയ 15 വയസുകാരന്‍ ഫൈസാന്‍ മുസാഫറും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചിരുന്നു.

കശ്മീരിലെ 7 പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രക്ഷോഭം പടരാതിരിക്കാന്‍ നോവാട്ട, റെയ്‌നാവരി, ഖ്യാന്യാര്‍, എംആര്‍ ഗുഞ്ച്, സഫാ കടല്‍, ക്രാല്‍ഖുണ്ഡ്, മൈസുമ എന്നിവിടങ്ങളിലാണ് സംഘര്‍ഷം പടരുന്നത്. ബിഎസ്എന്‍എല്‍ ഒഴിച്ചുള്ള എല്ലാ നെറ്റ്‌വര്‍ക്കുകളും നിരോധിച്ചു. ഇന്ന് നടക്കാനിരുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയും മാറ്റിവെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

© 2022 Live Kerala News. All Rights Reserved.