അറവുമാട് വില്‍പന നിരോധനത്തെ പിന്തുണച്ച് വെള്ളാപ്പള്ളി; ‘ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് പറഞ്ഞ് നടുറോഡില്‍ വാറ്റിക്കുടിക്കാനാവില്ല’

കൊല്ലം: കശാപ്പിനായുള്ള കന്നുകാലി വില്‍പന നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്രമുണ്ടെന്ന് പറഞ്ഞ് നടുറോഡില്‍ ചാരായം വാറ്റിക്കുടിക്കാനാവില്ല. എല്ലാ രാജ്യത്തെയും സ്വാതന്ത്ര്യം നിയമത്തിന് വിധേയമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണുയരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും വലിച്ചുകീറി എറിയണമെന്നും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണി പറഞ്ഞിരുന്നു. ഇന്ത്യയിലെ ഭരണഘടന നിശ്ചയിച്ചിട്ട് ഇത്തരം കാര്യങ്ങള്‍ കന്നുകാലികളുടെ പ്രശ്നമൊക്കെ തീരുമാനിക്കാനുളള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്.
രാജ്യത്ത് സാമുദായിക ധ്രുവീകരണം നടത്താനുളള ആര്‍എസ്എസിന്റെ കഴിഞ്ഞ മൂന്നുവര്‍ഷമായുളള നിരന്തരമായ നടപടികളുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ആ ഉത്തരവിന് ഒരു കടലാസിന്റെ വില പോലും കാണിക്കേണ്ട കാര്യമില്ല. ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണമെന്നും അദ്ദേഹം പറഞ്ഞു. വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് രീതിയാണ് ആര്‍എസ്എസ് തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉത്തരവില്‍ സംസ്ഥാന നിലപാട് അറിയിച്ച് കത്തെഴുതുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോഡിക്കാണ് കേന്ദ്രത്തിന്റെ തീരുമാനത്തില്‍ എതിര്‍പ്പറിയിച്ച് കത്ത് അയക്കുന്നത്. നടപ്പാക്കാന്‍ പ്രയാസമുളള തീരുമാനമാണ് ഇതെന്നും പ്രായോഗികമല്ലെന്നും വ്യക്തമാക്കിയാകും കത്തെഴുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ മറുപടിക്കുശേഷം മാത്രമെ മറ്റ് നടപടികളിലേക്ക് സംസ്ഥാനം കടക്കുകയുളളൂ. കേന്ദ്രതീരുമാനം ആശ്ചര്യകരമാണെന്ന് ഇന്നലെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജനാധിപത്യരാഷ്ട്രത്തിന് പറ്റുന്ന തീരുമാനമല്ല ഇത്. കേന്ദ്രസര്‍ക്കാര്‍ ഇഷ്ടങ്ങളും തീരുമാനങ്ങളും അടിച്ചേല്‍പിക്കുകയാണ്. ഇന്ന ഭക്ഷണമേ കഴിക്കാവൂ എന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ല. നിരോധനം ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.