ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുന്നു; സര്‍ക്കാര്‍ ഭീതി പരത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി; വിലക്ക് മറികടന്ന് സഹരാന്‍പൂര്‍ സന്ദര്‍ശനം

ലക്‌നൗ: കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഭീതി പരത്തുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദളിതരും ന്യൂനപക്ഷങ്ങളും രാജ്യത്ത് അടിച്ചമര്‍ത്തപ്പെടുകയാണെന്നും സംഘര്‍ഷം കത്തിപ്പടരുന്ന സഹരാന്‍പൂര്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു. പൊലീസ് വിലക്ക് മറികടന്നാണ് രജ്പൂത്- ദളിത് സംഘര്‍ഷം നിലനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സന്ദര്‍ശനം നടത്തിയത്.
രാഹുല്‍ ഗാന്ധിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും, രാജ് ബബ്ബാറും സഹാരന്‍പൂര്‍ സന്ദര്‍ശിച്ചു. സംഘര്‍ഷ സ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചാല്‍ രാഹുല്‍ ഗാന്ധിയെ സഹാരന്‍പൂര്‍ ജില്ലാ അതിര്‍ത്തിയില്‍ തടയുമെന്ന് പൊലീസ് മേധാവി ആദിത്യ മിശ്ര നേരത്തെ പറഞ്ഞിരുന്നു. ഈ വിലക്ക് മറികടന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സംഘര്‍ഷ മേഖലയില്‍ പ്രവേശിച്ചത്. പ്രദേശവാസികളുമായി സംസാരിച്ച രാഹുല്‍ പിന്നീട് ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാതെ തിരിച്ചുപോരുകയാണെന്ന് അറിയിച്ചു. സ്ഥിതിഗതികള്‍ ശാന്തമാകുമ്പോള്‍ സഹാരന്‍പൂരിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കാമെന്ന ഉറപ്പിലാണ് അദ്ദേഹത്തിന്റെ മടക്കം.

ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില കാത്തുസൂക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരവും പണവുമില്ലാത്തവര്‍ ഭയന്നാണ് രാജ്യത്ത് കഴിയുന്നത്, ഇങ്ങനെയല്ല ഭരണം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ ര്ജ്പൂത്-ദളിത് സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതിനായി 400 അംഗ ദ്രുതകര്‍മ്മ സേനയെ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. സംഘര്‍ഷം നിയന്ത്രിക്കാനാവാത്തതിനാല്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും ഇവിടെ തടഞ്ഞിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.