ശ്രീലങ്കയെ ദുരിതത്തിലാഴ്ത്തി വെള്ളപ്പൊക്കം; 100 പേര്‍ മരിച്ചു; അടിയന്തര സഹായവുമായി ഇന്ത്യന്‍ നാവികസേന കപ്പല്‍ കൊളംബോയില്‍

ന്യൂ ഡല്‍ഹി: 2003ന് ശേഷം ശ്രീലങ്ക കണ്ട് ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ 100 പേര്‍ മരിച്ചു. 99 പേരെ കാണാതായി. ദുരിതം ഒഴിയാന്‍ സമയമെടുക്കുമെന്ന് അറിയിച്ച് ശ്രീലങ്കന്‍ അധികൃതര്‍. കനത്ത വെള്ളപ്പൊക്കത്തിന് ഇടയാക്കിയ മഴ വരും ദിവസങ്ങളിലും കനക്കുമെന്നാണ് മുന്നറിയിപ്പ്. കേലാനി നദിക്കരയിലുള്ള ജനങ്ങളെ ഒഴിപ്പിക്കുകയാണ് ശ്രീലങ്കന്‍ ദുരന്ത നിവാരണ സേന. അയല്‍രാജ്യത്തുണ്ടായ പ്രകൃതി ദുരിതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുംഖമറിയിച്ചതിന് പിന്നാലെ ദുരിതാശ്വാസ സഹായവുമായി ഇന്ത്യന്‍ നാവികസേനാ കപ്പല്‍ ഐഎന്‍എസ് കിര്‍ച്ച് കൊളംബോയിലെത്തി.
ശ്രീലങ്കയിലെ 14 ജില്ലകളിലെ രണ്ട് ലക്ഷത്തിലധികം ജനങ്ങളാണ് കനത്ത വെള്ളപ്പൊക്കത്തില്‍ ബാധിക്കപ്പെട്ടത്. 69 അഭയ കേന്ദ്രങ്ങളിലായി 12,007 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി 1000 ആര്‍മി ട്രൂപ്പുകളെയാണ് രാജ്യത്ത് വിന്യസിച്ചിരിക്കുന്നത്.
ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയോടും അയല്‍രാജ്യങ്ങളോടും സഹായമഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ അത്യാവശ്യ സഹായവുമായി ഐഎന്‍എസ് കിര്‍ച്ച് കൊളംബോയിലേക്ക് അയച്ചത്. ഇതുവരെ മൂന്ന് കപ്പലുകളാണ് ഇന്ത്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചത്. ഇവയില്‍ ഐഎന്‍എസ് ശാര്‍ദുല്‍, ഐഎന്‍എസ് ജലശ്വാ എന്നിവ കൊളംബോയിലേക്കുള്ള യാത്രയിലാണ്.

ഡൈവിംഗിനുള്ള പ്രത്യേക ടീം, ബോട്ടുകള്‍, ഹെലികോപ്ടറുകള്‍ എന്നിവയടക്കമാണ് നാവികസേന സംഘം ഐഎന്‍എസ് ജലശ്വയില്‍ തിരിച്ചിരിക്കുന്നതെന്ന് നാവികസേനാ വക്താവ് ക്യാപ്റ്റന്‍ ഡികെ ശര്‍മ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.