തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് സിപിഐഎമ്മും എന്‍സിപിയും മാത്രം; വോട്ടിങ് മെഷീന്‍ ആരോപണം ഉന്നയിച്ച ആംആദ്മിയും കോണ്‍ഗ്രസും പിന്‍വാങ്ങി

ന്യൂ ഡല്‍ഹി: വോട്ടിങ് മെഷീന്‍ ക്രമക്കേട് തെളിയിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുത്തത് സിപിഐഎമ്മും എന്‍സിപിയും മാത്രം. വോട്ടിങ് മെഷീനില്‍ ക്രമക്കേട് ആരോപിച്ച് ആദ്യം മുതല്‍ രംഗത്ത് വന്ന ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ‘ഇവിഎം ചലഞ്ചില്‍’ നിന്നും പിന്‍മാറി. ആരോപണം ഉന്നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് മെഷീന്‍ പരിശോധിക്കാന്‍ ജൂണ്‍ 3ന് അവസരം നല്‍കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളി നടത്തിയത്. എന്നാല്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞപ്പോള്‍ വെല്ലുവിളി ഏറ്റെടുത്തത് സിപിഐഎമ്മും എന്‍സിപിയും മാത്രമാണ്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയും അപേക്ഷ നല്‍കിയെങ്കിലും അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞുപോയതിനാല്‍ സ്വീകരിച്ചില്ല.
ജൂണ്‍ 3 മുതല്‍ ഇവിഎം ചലഞ്ച് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളെല്ലാം രംഗത്തെത്തിയാല്‍ ക്രമക്കേട് പരിശോധിക്കല്‍ അഞ്ച് ദിവസത്തേക്ക് എങ്കിലും നീങ്ങുമെന്ന് കരുതിയെങ്കിലും രണ്ട് പാര്‍ട്ടികള്‍ മാത്രമായതിനാല്‍ അഞ്ച് മണിക്കൂര്‍ കൊണ്ട് അവസാനിക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശങ്ങളും ഉപാധികളമാണ് വെല്ലുവിളിയില്‍ നിന്ന് പിന്‍മാറാന്‍ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഇത് ചൂണ്ടികാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് കത്തയക്കുകയും ചെയ്തിരുന്നു. കമ്മീഷന്‍ മുന്നോട്ട് വെച്ച നിബന്ധനകള്‍ക്ക് അനുസൃതമായി മാത്രം പരിശോധന നടത്തിയാല്‍ യാതൊരു ഫലവുമുണ്ടാകില്ലെന്നും കോണ്‍ഗ്രസ് തുറന്നടിച്ചു.

ആംആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകളെ ചോദ്യം ചെയ്താണ് ഇവിഎം ചലഞ്ചില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. വെല്ലുവിളിച്ച ശേഷം ഇത്തരത്തില്‍ ഉപാധികള്‍ വെച്ച കമ്മീഷന്റെ നടപടി നീതിയുക്തമല്ലെന്ന് ആംആദ്മിയും വ്യക്തമാക്കി.
തങ്ങളുടെ ടീം വെല്ലുവിളിയേറ്റെടുത്ത് പരിശോധനയ്ക്ക് പോകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. എന്‍സിപിയുടെ മൂന്ന് പ്രതിനിധികളും വോട്ടിങ് മെഷീന്‍ പരിശോധനയില്‍ പങ്കെടുക്കും.

© 2022 Live Kerala News. All Rights Reserved.