‘ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണം’; ഒരു കടലാസിന്റെ വില പോലും കേന്ദ്രത്തിന്റെ ഉത്തരവിനോട് കാണിക്കേണ്ട കാര്യമില്ലെന്ന് എ.കെ ആന്റണി

കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അതൊരു കൈയേറ്റമാണെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിന്റെ മേലുളള കൈയേറ്റമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് നെഹ്‌റു അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കവെ പറഞ്ഞു. ഇന്ത്യയിലെ ഭരണഘടന നിശ്ചയിച്ചിട്ട് ഇത്തരം കാര്യങ്ങള്‍ കന്നുകാലികളുടെ പ്രശ്‌നമൊക്കെ തീരുമാനിക്കാനുളള അവകാശം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്.
രാജ്യത്ത് സാമുദായിക ധ്രുവീകരണം നടത്താനുളള ആര്‍എസ്എസിന്റെ കഴിഞ്ഞ മൂന്നുവര്‍ഷമായുളള നിരന്തരമായ നടപടികളുടെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ആ ഉത്തരവിന് ഒരു കടലാസിന്റെ വില പോലും കാണിക്കേണ്ട കാര്യമില്ല. ആ ഉത്തരവ് വലിച്ചുകീറി ചവറ്റുകൊട്ടയില്‍ എറിയണമെന്നും അദ്ദേഹം പറഞ്ഞു. വിഭജിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് രീതിയാണ് ആര്‍എസ്എസ് തുടരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

© 2022 Live Kerala News. All Rights Reserved.