ജാതി അധിക്ഷേപം: ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലെ ധാരണപ്രകാരമെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മിനായര്‍ക്കെതിരായ ജാതി അധിക്ഷേപ പരാതി പിന്‍വലിച്ചത് വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണ പ്രകാരമാണെന്ന് പരാതിക്കാരനായ വിവേക് വിജയഗിരി. സമരത്തിന്റെ അവസാനം വിദ്യാഭ്യാസമന്ത്രിയുടെ മധ്യസ്ഥതയില്‍ എടുത്ത ധാരണപ്രകാരം സമരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന എല്ലാ പരാതികളും പിന്‍വലിക്കണമെന്ന് ഉണ്ടായിരുന്നു. ഇതനുസരിച്ച് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയടക്കം പിന്‍വലിച്ചിരുന്നു. ആ തീരുമാനം പാലിക്കുകയാണ് താന്‍ ചെയ്തതെന്നും അതുവഴി തന്റെ പ്രസ്ഥാനത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിച്ചെന്നും വിവേക് ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കുന്നു. കേസിന്റെ സാങ്കേതികത്വവും സാക്ഷിമൊഴി നല്‍കുന്ന വിദ്യാര്‍ത്ഥികളുടെ അസൗകര്യവും ക്യാംപസിലെ എസ്‌സി-എടി വിദ്യാര്‍ത്ഥികളുടെ അഭിപ്രായവും താന്‍ മാനിച്ചതായും വിവേക് പറയുന്നു.
സമരത്തിനിടെ ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികളും സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന എഐഎസ്എഫുകാരായിരുന്ന വിവേക് വിജയഗിരിയും ശെല്‍വവുമാണ് ലക്ഷ്മിനായര്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതി ആദ്യം ഉന്നയിക്കുന്നതും പൊലീസില്‍ നല്‍കുന്നതും. സമരം നടക്കുമ്പോള്‍ ദളിത് വിദ്യാര്‍ത്ഥിയെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം പേരൂര്‍ക്കട പൊലീസ് കേസെടുത്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ 1989ലെ പട്ടിക ജാതി പട്ടിക വര്‍ഗനിയമപ്രകാരമാണ് പൊലീസ് കേസെടുത്തതും അന്വേഷണം നടത്തിയതും. അവധി ദിവസമാണ് ഈ സംഭവം നടന്നതെന്ന വാദത്തെ കുറിച്ചും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
Al;so Read: ലോ അക്കാദമിയില്‍ ‘വിപ്ലവം വിതച്ച’ സിപിഐ ഇടപെട്ടു; ലക്ഷ്മി നായര്‍ക്കെതിരെ എഐഎസ്എഫ് ഉന്നയിച്ച ജാതി അധിക്ഷേപ പരാതി പിന്‍വലിപ്പിച്ചു!
എന്നാല്‍ അന്വേഷണത്തിനിടെ പൊലീസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് കാണിച്ച് തുടര്‍ന്നും എഐഎസ്എഫ് ലക്ഷ്മിനായര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. മൊഴിയെടുക്കാന്‍ എത്തിയത് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടറാണെന്നും ലക്ഷ്മി നായരുടെ വസ്ത്രധാരണമുള്‍പ്പെടെയുളള വിഷയങ്ങളാണ് പൊലീസുകാര്‍ തങ്ങളോട് തിരക്കിയതെന്നും ഇവര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇവര്‍ക്കായി കേസ് നടത്തിയത് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന്റെ മകള്‍ അഡ്വ. രശ്മി ബിനോയിയാണ്. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കണമെന്നും താന്‍ ജാതിപ്പേര് വിളിച്ചിട്ടില്ലെന്നും വ്യക്തമാക്കി ലക്ഷ്മിനായരും ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിശ്ചിത സമയംവരെ ലക്ഷ്മിനായരെ അറസ്റ്റ് ചെയ്യരുതെന്നും ഇതിനെ തുടര്‍ന്ന് ഹൈക്കോടതി മാസങ്ങള്‍ക്ക് മുമ്പ് ഉത്തരവിട്ടിരുന്നു. ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ലക്ഷ്മിനായര്‍ക്കെതിരായ പരാതി പിന്‍വലിക്കുന്നതും.

© 2022 Live Kerala News. All Rights Reserved.