കെഎസ്ആര്‍ടിസിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്ന് ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി; നടപടി സെന്‍കുമാര്‍ കേസിന് പിന്നാലെ

സുപ്രീംകോടതിയില്‍ കെഎസ്ആര്‍ടിസിക്കായി കേസുകള്‍ വാദിച്ചിരുന്ന ഹാരിസ് ബീരാനെ സര്‍ക്കാര്‍ മാറ്റി. സെന്‍കുമാറിന്റെ നിയമനക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരായത് ഹാരിസ് ബീരാനായിരുന്നു. പിന്നാലെയാണ് പത്തുവര്‍ഷമായി കെഎസ്ആര്‍ടിസിയുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ഹാരിസ് ബീരാനെ തത്സ്ഥാനത്തുനിന്നും നീക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നാണ് സൂചന. ഗതാഗതവകുപ്പ് ഒൗദ്യോഗികമായി ഇക്കാര്യം ഹാരിസ് ബീരാനെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനെയും മാറ്റിയിട്ടുണ്ട്. നിരന്തരമായി കേസുകള്‍ കോടതികളില്‍ തോല്‍ക്കുന്നുവെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. വി.ഗിരിയായിരിക്കും സുപ്രീംകോടതിയില്‍ ഇനി കെഎസ്ആര്‍ടിസിക്കായി കേസുകള്‍ വാദിക്കുക.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറി ആദ്യമെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയത്. തുടര്‍ന്നാണ് സെന്‍കുമാറിന്റെ നിയമപോരാട്ടം സുപ്രീംകോടതിയില്‍ വരെ എത്തുന്നതും. ഹാരിസ് ബീരാന്‍, ദുഷ്യന്ത് ദവെ, പ്രശാന്ത് ഭൂഷണ്‍ എന്നീ അഭിഭാഷകരായിരുന്നു സെന്‍കുമാറിനായി സംസ്ഥാന സര്‍ക്കാരിനെതിരെ ഹാജരായതും. സെന്‍കുമാറിനെ പുറത്താക്കിയ സര്‍ക്കാര്‍ നടപടി റദ്ദാക്കി അേേദ്ദഹത്തെ ഡിജിപിയായി നിയമിക്കണമെന്ന് സുപ്രീംകോടതി അവസാനം ഉത്തരവിടുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് കേസിലുണ്ടായതും. തുടര്‍ന്നാണ് ഇപ്പോള്‍ ഹാരിസ് ബീരാനെ സര്‍ക്കാരിന്റെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നൊഴിവാക്കിയതും. മുസ്ലിംലീഗ് നേതാവും മന്ത്രിയുമായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സഹോദരനും ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗവുമായ മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അഡ്വ.വി.കെ. ബീരാന്റെ മകനാണ് ഹാരിസ്.

© 2024 Live Kerala News. All Rights Reserved.