ഉത്തര്‍പ്രദേശില്‍ പാരമ്പര്യമായി കിട്ടിയത് ‘ജംഗിള്‍ രാജെ’ന്ന് യോഗി; ‘ഇനി നിയമവാഴ്ചക്ക് അടിത്തറയിടണം’; സാമുദായിക സംഘര്‍ഷത്തെ കുറിച്ച് ബിജെപി മുഖ്യമന്ത്രിയുടെ മറുപടി

വാരണാസി: ഉത്തര്‍പ്രദേശില്‍ പരമ്പരാഗതമായി ജംഗിള്‍ രാജാണ് കൈമാറി പോന്നതെന്നും ഇനി വേണം നിയമവാഴ്ച പുനസ്ഥാപിക്കാനെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയുടെ പടിഞ്ഞാറന്‍ മേഖലയിലെ സഹരാന്‍പൂരിലെ സാമുദായിക സംഘര്‍ഷത്തില്‍ ഭരണപക്ഷമായ ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നതോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം.

‘ഇത് വളരെ വലയൊരു സംസ്ഥാനമാണ്. പാരമ്പര്യമായി നമ്മള്‍ക്ക് കിട്ടിയത് ജംഗിള്‍ രാജ് ആണ്. കാട്ടു നിയമത്തിന് അനുസരിച്ച് മുന്നോട്ടു പോയൊരു സംസ്ഥാനം ക്രിമിനലുകളെ വളര്‍ത്തിയെടുക്കുകയും ചെയ്തു. നിയമവാഴ്ചയാണ് ഞങ്ങളുടെ മുഖ്യ അജന്‍ഡ. അത് സ്ഥാപിക്കുക തന്നെ ചെയ്യും. ചില ആളുകള്‍ക്ക് ഇതത്ര രസിച്ചെന്ന് വരില്ല.
യോഗി ആദിത്യനാഥ്, യുപി മുഖ്യമന്ത്രി’

മുന്‍ സംസ്ഥാന സര്‍ക്കാരിനെ നയിച്ച സമാജ്‌വാദി പാര്‍ട്ടിയും മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവും യുപിയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആക്ഷേപിച്ചതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ് ‘മുന്‍ഗാമി’കളെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഉത്തര്‍പ്രദേശില്‍ ഭരണം നടത്തിയ എസ്പിയേയും ബിഎസ്എപിയേയും ‘ജംഗിള്‍ രാജ്’ എന്ന വിമര്‍ശനം ഉയര്‍ത്തി നേരിടാനാണ് യോഗിയുടെ ശ്രമം.

നിയമം കയ്യിലെടുക്കാന്‍ ശ്രമിക്കുന്നവരും അതിനായി ഗൂഢാലോചന നടത്തുന്നവരും രക്ഷപ്പെടില്ലെന്നും കര്‍ശനമായി നേരിടുമെന്നും യോഗി മുന്നറിയിപ്പ് മല്‍കി.
മുഖ്യമന്ത്രിയായി രണ്ടാമൂഴം കാത്തിരുന്ന അഖിലേഷ് യാദവിന് തിരിച്ചടി നല്‍കിയാണ് മൂന്ന് മാസം മുമ്പ് യുപി ബിജെപി തൂത്തുവാരിയത്. സമാജ്‌വാദി പാര്‍ട്ടിയുടെ കീഴില്‍ ക്രമസമാധാന നില തകര്‍ന്നുവെന്നതായിരുന്നു ബിജെപിയുടെ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരണം.

© 2022 Live Kerala News. All Rights Reserved.