തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാറിനെ വിമര്‍ശിച്ച് പിസി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിന്റെ വികസന നയങ്ങളേയും അ്‌ദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പിണറായി വിജയനിലുണ്ടായിരുന്ന പ്രതീക്ഷ അസ്ഥാനത്തായെന്നും താന്‍ കണ്ടതില്‍വച്ച് ഏറ്റവും നാണംകെട്ട സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നതെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്.
വ്യക്തിപരമായി പിണറായി സത്യസന്ധനും നീതിമാനുമാണ്. ഉറച്ച നിലപാടുകള്‍ ഉള്ളയാളുമാണ്.അത്തരത്തിലുള്ള പിണറായിക്ക് എന്ത് പറ്റിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാരില്‍ ഏക പ്രതീക്ഷയുള്ളത് ധനമന്ത്രി തോമസ് ഐസക്കില്‍ മാത്രമാണ്. വികസനകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഐസക്കിന് സാധിക്കും. കിഫ്ബിയുടെ പ്രായോഗികതയെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നുണ്ടെങ്കിലും തോമസ് ഐസ്‌ക്ക് കിഫ്ബി നടപ്പിലാക്കുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നും പിസി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
യുഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ച എന്ന രീതിയിലാണ് പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനമെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തനത്തില്‍ അല്‍പം കൂടി വേഗതയുള്ളതായാണ് താന്‍ വിലയിരുത്തുന്നതെന്നും പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.
ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കാത്തതും ഭരിക്കുന്ന മുന്നണികള്‍ തമ്മില്‍ പോലും യോജിപ്പില്ലാത്തതും പരിഹാസ്യമാണെന്നു പിസി ജോര്‍ജ് അഭിപ്രായപ്പെട്ടു.