സംസ്ഥാനത്തെ എല്ലാ ഡേകെയറുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി കെ.കെ ശൈലജ; കൊച്ചി നഗരത്തിലെ ഒരു ഡേ കെയറിനും അനുമതിയില്ലെന്ന് പൊലീസ്

സംസ്ഥാനത്തെ മുഴുവന്‍ ഡേ കെയറുകളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ. ഡേ കെയറുകളുടെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കുമെന്നും മന്ത്രി സഭയില്‍ പി.ടി തോമസ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കി. ഡേ കെയറുകളുടെ നിയന്ത്രണം സാമൂഹ്യ നീതി വകുപ്പിന് കീഴിലാക്കും. വകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എറണാകുളം പാലാരിവട്ടത്ത് ഡേ കെയര്‍ ഉടമ പിഞ്ചുകുഞ്ഞിനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഡേ കെയറുകള്‍ക്കെതിരായ സര്‍ക്കാര്‍ നടപടികള്‍. എറണാകുളം നഗരത്തില്‍ 40 ഡേ കെയറുകളുണ്ടെന്നും ഇതില്‍ ഒരെണ്ണത്തിന് പോലും സര്‍ക്കാരിന്റെ അനുമതിയില്ലെന്നും പൊലീസ് അറിയിച്ചു. ഷാഡോ പൊലസ് നടത്തിയ വിവരശേഖരണത്തിലാണ് അനുമതിയില്ലാതെയാണ് നഗരത്തിലെ ഡേകെയറുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്.

© 2022 Live Kerala News. All Rights Reserved.