‘ഭരണം പോരാ, പിണറായി കൊള്ളാം; ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍ഡിഎഫ് അധികാരത്തിലെത്തും’; സര്‍ക്കാരിന് മാര്‍ക്കിട്ട് ടൈംസ് ഓഫ് ഇന്ത്യ സര്‍വ്വേ

അടിക്കടിയുള്ള വിവാദങ്ങള്‍ക്കും മുന്നണിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പ്രതിപക്ഷാരോപണങ്ങള്‍ക്കുമിടയില്‍ ഒന്നാം വാര്‍ഷികത്തിലേക്ക് കടക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരില്‍ ജനം പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും എല്‍ഡിഎഫ് വിജയിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ പറയുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി നടത്തിയ അഭിപ്രായ സര്‍വ്വേയില്‍ സര്‍ക്കാരിന് പാസ് മാര്‍ക്ക് മാത്രമേ ലഭിച്ചിട്ടുള്ളൂ. മോശമല്ലാത്ത പ്രകടനമാണ് പ്രതിപക്ഷത്തിന്റേത് എന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. സര്‍ക്കാരിന്റെ പ്രകടനം അത്ര ഗംഭീരമല്ലെങ്കിലും പിണറായി വിജയനെന്ന മുഖ്യമന്ത്രിക്ക് മികച്ച അഭിപ്രായം നേടാന്‍ സാധിച്ചിട്ടുണ്ടെന്ന് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
പിണറായി വിജയന് കീഴിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിയുമ്പോഴേക്കും സര്‍ക്കാരിന് പത്തില്‍ ശരാശരി 5.8 മാര്‍ക്കാണ് ലഭിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചത്ര മികവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ പ്രധാന ആരോപണമായ ഏകാധിപത്യ ഭരണത്തെ ജനം തള്ളി. മുഖ്യമന്ത്രി ഒരു ഏകാധിപതിയാണോ എന്ന ചോദ്യത്തിന് 44% പേര്‍ അല്ല എന്നാണ് ഉത്തരം നല്‍കിയത്. പിണറായി വിജയന്‍ ഏകാധിപത്യ ഭരണമാണ് കാഴ്ച്ചവെക്കുന്നതെന്ന് 40% അഭിപ്രായപ്പെട്ടപ്പോള്‍ 16% പേര്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായമില്ല.
പക്ഷേ ഇപ്പോഴും ജനപ്രിയന്‍ വിഎസ് അച്യുതാന്ദനാണ്. 46% പേര്‍ മികച്ച മുഖ്യമന്ത്രിയായി കാണുന്നത് വിഎസിനെയാണ്. ജനപ്രീതിയില്‍ വിഎസിന് മുന്നിലെത്താന്‍ സാധിച്ചില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയെക്കാള്‍ മുമ്പിലാണ് പിണറായി വിജയന്‍. 29% പേരുടെ പിന്തുണ പിണറായി വിജയനാണെങ്കില്‍ 23% പേരുടെ പിന്തുണ ഉമ്മന്‍ ചാണ്ടിക്കാണ്.
സര്‍ക്കാര്‍ ഏറ്റവും അധികം നിരാശപ്പെടുത്തിയത് ജിഷ്ണു കേസിലാണ്. ജിഷ്ണു പ്രണോയുടെ കുടുംബത്തിന് സര്‍ക്കാര്‍ നീതി ലഭ്യമാക്കിയില്ല എന്ന് 64% ശതമാനം പേരും അഭിപ്രായപ്പെട്ടു. കണ്ണൂരിലെ രാഷ്ടീയ സംഘട്ടനങ്ങളെ നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ വിജയിച്ചതായി 48% പേര്‍ അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാലും 81% പേരും നിലവിലെ എംഎല്‍എമാര്‍ക്ക് തന്നെ വോട്ട് നല്‍കും. അതായത് എല്‍ഡിഎഫ് തന്നെ അധികാരത്തിലെത്തുമെന്നും ടൈംസ് ഓഫ് ഇന്ത്യ പറയുന്നു.
സര്‍ക്കാരിന്റെ നവകേരള മിഷന് പൂര്‍ണ പിന്തുണയാണ് ജനം നല്‍കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തിന് മിഷന്‍ അനിവാര്യമാണെന്ന് 59% പേര്‍ അഭിപ്രായപ്പെട്ടു. സര്‍വ്വേയില്‍ പങ്കെടുത്ത 23% പേര്‍ മാത്രമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സ്ത്രീകളുടെ സുരക്ഷയില്‍ പുരോഗമനമുണ്ടെന്ന് കരുതുന്നത്. 30% പേര്‍ തൊഴിലവസരങ്ങല്‍ വര്‍ധിച്ചെന്നും കരുതുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ നിറഞ്ഞ കാലഘട്ടത്തെ അപേക്ഷിച്ച് സര്‍ക്കാരിന്റെ പ്രവര്‍ത്തനം അത്ര മോശമല്ലെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടത്. 46% പേര്‍ അഴിമതി തടയുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചെന്ന് വിശ്വസിക്കുന്നു.

പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങള്‍ എല്‍ഡിഎഫ് നിറവേറ്റിയതായി 56% പേരാണ് അഭിപ്രായപ്പെട്ടത്. വിദ്യാഭ്യാസ കാര്‍ഷിക ഭവന ആര്യോഗ പദ്ധതികളെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നിറവേറ്റിയെന്നാണ് ഭുരിപക്ഷ അഭിപ്രായം. പക്ഷേ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റിയിട്ടില്ലെന്ന് 32% അഭിപ്രായപ്പെട്ടു. മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി എകെ ബാലനാണെന്ന് 17 % പേര്‍ അഭിപ്രായപ്പെട്ടു. തൊട്ടുപിറകില്‍ തോമസ് ഐസക്കാണ്. കെടി ജലീലും സുനില്‍കുമാറും മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ച ഉത്തരവിനും ജനങ്ങളുടെ തമ്പ്സ് അപ്പുണ്ട്. 52% പേരും അദ്ദേഹം അഴിമതി തടയുന്നതില്‍ വിജയിച്ചെന്ന് അഭിപ്രായപ്പെട്ടപ്പോള്‍, 29% പേര്‍ എതിര്‍ത്തു. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കണമെന്നാണ് 44% പേരുടെയും അഭിപ്രായം.
മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്കും ജനങ്ങള്‍ പകുതിയിലധികം മാര്‍ക്ക് നല്‍കി പാസ്സാക്കി.67% പേര് എംഎല്‍എമാരുടെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി എംവി ജയരാജനെ നിയമിച്ചത് സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള പ്രവര്‍ത്തനം ഏകോപിപ്പിക്കുമെന്ന് 38% പേരും അഭിപ്രായപ്പെട്ടു. മുന്‍കാല മുഖ്യമന്ത്രിമാരെക്കാള്‍ ഉപദേഷ്ടാക്കളെ പിണറായി വിജയന്‍ നിയമിച്ചതിനോട് 47% പേര്‍ക്കും എതിര്‍പ്പില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കിയ സര്‍ക്കാരിന്റെ തീരുമാനത്തെ 91% പേരും അനുകൂലിച്ചു. പ്രതിപക്ഷത്തിനും പകുതി മാര്‍ക്ക് നല്‍കി സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പാസ്സാക്കി. 10ല്‍ 5 മാര്‍ക്കാണ് പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത മധ്യവയസ്കരായ സ്ത്രീകളില്‍ ഭൂരിപക്ഷവും സര്‍ക്കാരില്‍ സന്തുഷ്ടരാണ്.
അത്ര നല്ല അഭിപ്രായം നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും സര്‍ക്കാര്‍ പൊതുവേ സുരക്ഷിത നിലയിലാണെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മലയാളം നിര്‍ബന്ധമാക്കിയതും നവകേരള മിഷനും അല്ലാതെയുള്ള സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് 50% ജനങ്ങളുടെ പിന്തുണ നേടാനായിട്ടില്ലെന്നും ശ്രദ്ധേയമാണ്. എങ്കിലും പിണറായി വിജയന് ലഭിക്കുന്ന സ്വീകാര്യതയും മുന്‍സര്‍ക്കാരിനെക്കാള്‍ ലഭിക്കുന്ന ജനപിന്തുണയും തത്ക്കാലത്തേക്ക് രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ സര്‍ക്കാരിന് ആശ്വാസമാണ്.
സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 1066 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ കൂടുതലും സ്ത്രീകളാണ്.

© 2024 Live Kerala News. All Rights Reserved.