കൊച്ചി: ബാര്‍ കോഴ കേസില്‍ കെഎം മാണിക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായ മാണിക്കെതിരെ തെളിവുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അറിയിച്ചു. ഫോണ്‍ സംഭാഷണങ്ങളിലെ വാസ്തവം അറിയാന്‍ ഫോറന്‍സിക് പരിശോധന നടന്നുവരുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടരന്വേഷണം റദ്ദാക്കാന്‍ കെഎം മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.
തെളിവുകളുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഫോണ്‍ സംഭാഷണത്തെ ആസ്പദമാക്കി മാത്രം കേസ് തുടരാനാകില്ല. തെളിവുകള്‍ വേണമെന്നും കോടതി പറഞ്ഞു. മൂന്നാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
മൊഴികളിൽ വൈരുദ്ധ്യം വന്നത് പരിശോധിച്ച് അറിയിക്കണം. അഴിമതി നിരോധന നിയമം നിലനിൽക്കുമോയെന്നും പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. മൂന്നാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.