വിഴിഞ്ഞം കരാറിനെക്കുറിച്ചുളള സിഎജി റിപ്പോര്‍ട്ട് അതീവഗൗരവമുളളതെന്ന് മുഖ്യമന്ത്രി. ഇക്കാര്യം പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് ഇന്നലെയാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ സിഎജി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. സംസ്ഥാന താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ അദാനി ഗ്രൂപ്പിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുന്നതാണെന്നും നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കരാറിലൂടെ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കിക്കൊടുത്തെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. തുറമുഖത്തിന്റെ കരാര്‍ കാലാവധി പത്തുവര്‍ഷം കൂട്ടി നല്‍കിയത് നിയമവിരുദ്ധമാണ്. 30 വര്‍ഷമെന്ന കണ്‍സ്ട്രക്ഷന്‍ കാലാവധിയാണ് അട്ടിമറിച്ചത്. 20 വര്‍ഷം കൂടി അധികം നല്‍കാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണ്. ഓഹരിഘടനയിലെ മാറ്റം സര്‍ക്കാരിന് കനത്ത നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.
കരാര്‍ കേരളത്തിന് സാമ്പത്തികമായി നഷ്ടമാണ്. പദ്ധതിയില്‍ ക്രമക്കേടുകളും പാഴ്‌ചെലവുകളും ഉണ്ടായെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പദ്ധതി വിഹിതത്തിന്റെ 33 ശതമാനം മാത്രം മുടക്കിയ അദാനി ഗ്രൂപ്പിന് ഒന്നരലക്ഷത്തോളം കോടി രൂപ ലഭിക്കും. അതെസമയം പദ്ധതി വിഹിതത്തിന്റെ 67 ശതമാനവും മുടക്കുന്ന സംസ്ഥാന സര്‍ക്കാരിനാകട്ടെ 13,948 കോടി രൂപ മാത്രമായിരിക്കും ലഭിക്കുന്നതും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതില്‍ ഉള്‍പ്പെടെ ക്രമക്കേട് നടന്നിട്ടുണ്ട്.
ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുന്‍പ് സിഎജി ചോദിച്ച സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാരിനോ തുറമുഖ കമ്പനിക്കോ കഴിഞ്ഞില്ലെന്നുളള വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. 40 വര്‍ഷത്തെ കരാറില്‍ സംസ്ഥാനത്തിന് ലഭിക്കുന്നത് തുച്ഛമായ ലാഭം മാത്രമാണെന്നും ഒപ്പിട്ട കരാറില്‍ മാറ്റം വരുത്താനാവില്ലെന്നിരിക്കെ കൂടുതല്‍ ജാഗ്രത സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തണമെന്നും റിപ്പോര്‍ട്ട് പറയുന്നു.