ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് പിന്നാലെ ഘര്‍വാപസിയുമായി രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ റോന്തുചുറ്റല്‍. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 43 മുസ്ലീങ്ങളെ ഹിന്ദുമതത്തിലേക്ക് മതംമാറ്റിയതായാണ് കണക്ക്. യോഗി പ്രഭാവത്തില്‍ ന്യൂനപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കി മതംമാറ്റുന്ന തന്ത്രമാണ് ആര്‍എസ്എസ് ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കുന്നത്.
ഹിന്ദുത്വ സംഘടനകള്‍ ഘര്‍വാപസിയെന്ന പേരിലാണ് ന്യൂനപക്ഷ സമുദായങ്ങളെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരുന്നത്. യുപിയിലെ ഫൈസാബാദില്‍ രണ്ട് ഘര്‍വാപസി ചടങ്ങുകള്‍ അടുത്തയിടെ നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 23ന് നടന്ന ഘര്‍വാപസിയില്‍ 19 മുസ്ലീങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചത്.
മേയ് 20ന് നടന്ന ഘര്‍വാപസിയില്‍ മതംമാറിയത് 24 ന്യൂനപക്ഷ സമുദായക്കാരും. ഫൈസാബാദിലെ ക്ഷേത്രത്തിലാണ് രണ്ട് ചടങ്ങുകളും നടന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായ അംബേദ്കര്‍ നഗര്‍ ജില്ലയിലെ സുരേന്ദ്ര കുമാറാണ് മതംമാറ്റത്തിന് ആളുകളെ സജ്ജരാക്കുന്നത്. പട്ടിക ജാതി വിഭാഗമായ നാട് ആണ് കുമാറിന്റെ പ്രവര്‍ത്തന മേഖല. ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട് നാട് വിഭാഗത്തില്‍. ഇതേ വിഭാഗത്തില്‍പ്പെട്ട കുമാറിന് മുസ്ലീങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനം നടത്താനും ഭയം കൂടാതെ ജീവിക്കണമെങ്കില്‍ ഹിന്ദുവായേ മതിയാകുവെന്ന് ധരിപ്പിക്കാനും കഴിഞ്ഞു.
സുരേന്ദ്ര കുമാര്‍
വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ ഞാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ യോഗി മുഖ്യമന്ത്രിയായതില്‍ പിന്നെ മതംമാറ്റല്‍ വളരെ എളുപ്പമായി. ഭയമില്ലാതെ ജീവിക്കാന്‍ ഹിന്ദുമതത്തിലേക്ക് മാറണമെന്ന് ഇതോടെ അവരെ വിശ്വസിപ്പിക്കുക എന്നത് എനിക്കെളുപ്പമായി. ഈ വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടുതന്നെ ഇസ്ലാം മതം തുടരുന്നതിലെ അപകടം എനിക്ക് അവരെ ബോധിപ്പിക്കാനായി. ഹിന്ദുവായാല്‍ ലഭിക്കുന്ന ഗുണങ്ങളും ധരിപ്പിച്ചു.
സുരേന്ദ്ര കുമാര്‍, ആര്‍എസ്എസ് പ്രവര്‍ത്തകന്‍
ഇത്തരത്തില്‍ ഭയം മുതലെടുത്താണ് പല മതംമാറ്റവും യുപിയില്‍ നടക്കുന്നത്. എന്നാല്‍ സ്വമനസാലെയാണ് ആളുകള്‍ മതം മാറുന്നതെന്നാണ് ആര്യസമാജ് മന്ദിറിലെ ഹിമാന്‍ഷു ത്രിപാഠിയുടെ വാദം. ഇതുവരേയും 100ല്‍ അധികം പേരെ ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവന്നതായും ഇയാള്‍ അവകാശപ്പെടുന്നു.