കൊച്ചിയിലെ ഡേ കെയറില്‍ പിഞ്ചുകുട്ടിക്ക് ക്രൂരമര്‍ദനം. പാലാരിവട്ടത്തെ കളിവീടെന്ന ഡേ കെയറിലാണ് പിഞ്ചുകുഞ്ഞിനെ ഡേകെയര്‍ ഉടമയായ സ്ത്രീ മര്‍ദിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സ്വകാര്യചാനലുകള്‍ പുറത്തുവിട്ടു. സ്ഥാപനത്തിന്റെ ഉടമയായ മിനിയെന്ന സ്ത്രീ കുട്ടികളെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് ഇവിടുത്തെ ജീവനക്കാരിയും വ്യക്തമാക്കി. കുട്ടികളുടെ ദേഹത്ത് അടികൊണ്ട രീതിയിലുളള പാടുകള്‍ മിക്ക ദിവസങ്ങളിലും കണ്ടിരുന്നതായി ഡേകെയറിലെ കുട്ടികളുടെ അമ്മമാര്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ താഴെ മറിഞ്ഞുവീണതാണെന്ന മറുപടിയാണ് ഡേ കെയര്‍ ഉടമയില്‍ നിന്നും ലഭിച്ചിരുന്നതെന്നും അമ്മമാര്‍ വ്യക്തമാക്കി. ഡേ കെയറില്‍ പിഞ്ചുകുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി എത്തി. തുടര്‍ന്ന് പാലാരിവട്ടം പൊലീസെത്തി ഡേകെയര്‍ ഉടമയെ കസ്റ്റഡിയില്‍ എടുത്തു. സ്ഥാപനത്തിനെതിരെയും കുട്ടികളെ മര്‍ദിച്ചതിനെതിരെയും കര്‍ശന നടപടിയുണ്ടാകുമെന്ന് ഐജി പി വിജയന്‍ അറിയിച്ചു. ഇരുപതിലധികം കുട്ടികളാണ് ഇവിടെയുണ്ട്. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെയാണ് ഇവിടെ ഫീസ് ഈടാക്കിയിരുന്നത്.