പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് പിടിയില്‍; ഇതുവരെ അറസ്റ്റിലായത് അഞ്ചുപേര്‍

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചുരക്കാട്ട് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ അനൂപാണ് പിടിയിലായത്. ഇന്നലെ രാത്രി 11 മണിക്ക് പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് അനൂപിനെ പൊലീസ് പിടികൂടിയത്. ബിജുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ പ്രധാനി ഇയാളായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി.
ഇന്നോവ കാറിലെത്തിയ അനുപടക്കമുള്ള ഏഴുപേരാണ് കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്ത പിടിയിലായവരും ഇക്കാര്യങ്ങള്‍ മൊഴിനല്‍കിയിട്ടുണ്ട്. ഇനി കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. കൊലപാതകത്തില്‍ പങ്കെടുത്ത രാമന്തളി കുന്നരുവിലെ പാണത്താന്‍ വീട്ടില്‍ സത്യന്‍ (33), കക്കംപാറയിലെ വടക്കുമ്പത്ത് ജിതിന്‍ (31) രാമന്തളി കക്കംപാറയിലെ നടുവിലെ പുരയില്‍ റിനേഷ് (28), രാമന്തളി പരുത്തിക്കാട്ടെ കുണ്ടുവളപ്പില്‍ ജ്യോതിഷ് (26) എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാനപ്രതിയായ അനൂപ് പിടിയിലായതോടെ കേസന്വേഷണം വേഗത്തിലാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അതേസമയം കൊലപാതകത്തില്‍ പങ്കെടുത്ത പ്രതീഷ് എന്നയാള്‍ വിദേശത്തേക്ക് കടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആര്‍എസ്എസ് പയ്യന്നൂര്‍ കക്കംപാറ മണ്ഡല്‍ കാര്യവാഹക് ആയ ബിജുവാണ് ഈ മാസം 12 ന് കൊല്ലപ്പെട്ടത്. പാലക്കോട് പാലത്തിന് സമീപത്തുവെച്ച് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്ന് മരിച്ചു. സിപിഐ(എം) പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയായ ബിജു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്.

© 2022 Live Kerala News. All Rights Reserved.