‘സ്വാമിയെ ശിക്ഷിക്കാതെ പെണ്‍കുട്ടി പിണറായി പൊലീസിനെ സമീപിച്ചാല്‍ ഒരു ചുക്കും സംഭവിക്കില്ല’; ലിംഗം ഛേദിച്ചതിന്റെ ക്രെഡിറ്റും വിഡ്ഢികള്‍ ഇരട്ടച്ചങ്കന് നല്‍കുന്നുവെന്ന് സുരേന്ദ്രന്‍

കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്ന് പറഞ്ഞ് തുളളുന്നത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. തിരുവനന്തപുരത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരായാണ് സുരേന്ദ്രന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് സ്റ്റാറ്റസില്‍ നിന്നും.
ഒരു കാഷായവേഷമണിഞ്ഞ കപടസന്യാസിക്ക് ഒരു പെണ്‍കുട്ടി നല്‍കിയ ശിക്ഷ സംബന്ധിച്ച് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളും നവമാധ്യമങ്ങളില്‍ വലിയതോതില്‍ ട്രോളുകളും അരങ്ങുതകര്‍ക്കുകയാണല്ലോ. ഈ സംഭവത്തില്‍ തക്ക ശിക്ഷ ആ പെണ്‍കുട്ടി തന്നെ നല്‍കിയില്ലായിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? സൈബര്‍ സഖാക്കളും സുഡാപ്പികളും പ്രശ്‌നം ആഘോഷിക്കുന്നത് കാണുമ്പോള്‍ പരമപുച്ഛമാണ് നാട്ടുകാര്‍ക്കുണ്ടാവുക. ആ പെണ്‍കുട്ടി പീഡകന് കടുത്ത ശിക്ഷ നല്‍കാതെ പിണറായി വിജയന്റെ പോലീസിനെ സമീപിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു? ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല. പുഷ്പം പോലെ കള്ള സ്വാമി കേസ്സില്‍ നിന്ന് ഊരിപ്പോരുമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇടതുഭരണത്തിനിടയില്‍ ഏതു സ്ത്രീ പീഡനക്കേസ്സിനാണ് പ്രതികള്‍ക്കു ശിക്ഷ വാങ്ങിക്കൊടുക്കാന്‍ ഇക്കൂട്ടര്‍ക്കു കഴിഞ്ഞത്. സൗമ്യാക്കേസ്സില്‍ അവസാനം എന്താണുണ്ടായത്? ബാലന്റേയും വനിതാ ഉദ്യോഗസ്ഥയുടേയും അതിബുദ്ധികൊണ്ടെന്തു നേടിയെന്ന് മാലോകര്‍ കണ്ടതല്ലേ. ജിഷയെക്കൊന്നത് അമിറുള്‍ ഇസ്‌ളാം മാത്രം നടത്തിയ ഗൂഡാലോചനയാണെന്ന് നിങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഏതടിസ്ഥാനത്തിലാണ്? കേസ്സിന്റെ കുററപത്രം വായിച്ച ഏതു കൊച്ചുകുട്ടിക്കും ആ കേസ്സിന്റെ ഗതിയെന്താവുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിനു പിന്നില്‍ ഏതു മാഫിയാസംഘമാണെന്ന് നാട്ടുകാര്‍ക്കു മുഴുവനും മനസ്സിലായിട്ടും കേസ്സ് പള്‍സര്‍ സുനിയില്‍ മാത്രമായി ഒതുക്കിയതാരാണ്. ഇതുപോലെ നൂറു നൂറു സംഭവങ്ങള്‍. ആ പെണ്‍കുട്ടി ബ്‌ളേഡെടുത്ത് കപടസ്വാമിയുടെ ലിംഗം ഛേദിച്ചതിന്റെ ക്രെഡിറ്റ് ഇരട്ടച്ചങ്കനു നല്‍കി ആത്മനിര്‍വൃതി അറിയുന്ന വിഡ്ഡികള്‍ കാഷായം ധരിച്ചവരൊക്കെ കുമ്മനത്തിന്റെ അടുപ്പക്കാരാണെന്നും പറഞ്ഞ് തുള്ളുന്നത് അപഹാസ്യമാണ്. ജോസഫും തെററയിലും ഏററവും ഒടുവില്‍ ശശീന്ദ്രനും ചെയ്തതിനൊക്കെ പിണറായിയാണുത്തരവാദി എന്നു ഇക്കൂട്ടര്‍ സമ്മതിച്ചുതരികയാണോ? പി. ശശിയും കോട്ടമുറിക്കലുമൊക്കെ കോടിയേരിയോട് ചോദിച്ചിട്ടായിരുന്നോ ഈ ഏര്‍പ്പാടിനിറങ്ങിയത്?

© 2024 Live Kerala News. All Rights Reserved.