റിയാദ്: ഭീകരവാദത്തിന് ഇരയായ രാജ്യമാണ് ഇന്ത്യയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആദ്യ വിദേശ പര്യടനത്തില്‍ സൗദിയിലെത്തിയ ട്രംപ് അറബ് ഇസ്ലാമിക് സമ്മിറ്റ്‌നെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
ഭീകരവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് നിലയുറപ്പിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് പറഞ്ഞ ട്രംപ് യുറോപ്, ആഫ്രിക്ക, സൗത്ത് അമേരിക്ക, ഇന്ത്യ, റഷ്യ, ചൈന, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഭീകരവാദത്തിന്റെ ഇരകളാണെന്ന് ചൂണ്ടിക്കാട്ടി. പലതവണ ഭീകരവാദി ആക്രമണങ്ങള്‍ക്ക് ഈ രാജ്യങ്ങള്‍ ഇരയായിട്ടുണ്ട്.
ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരതക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് ട്രംപ് വ്യക്തമാക്കി. ഇസ്ലാമിക തീവ്രവാദത്തെ നേരിടാന്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം. ഭീകരതക്കെതിരായ പോരാട്ടം വിത്യസ്ത വിശ്വാസങ്ങളോ, വിത്യസ്ത സംസ്‌കാരങ്ങളോ തമ്മിലുള്ള പോരാട്ടമല്ല, മറിച്ച നന്മയും തിന്മയും തമ്മിലുളള ഏറ്റുമുട്ടലാണ്.
50 മുസ്ലീം ഭൂരിപക്ഷ രാഷ്ട്രതലവന്‍മാരെ അഭിസംബോധന ചെയ്താണ് ട്രംപ് സംസാരിച്ചത്. സെപ്തംബര്‍ പതിനൊന്ന് ആക്രമണം മുതല്‍ ഒര്‍ലാന്‍ഡോ ആക്രമണം വരെ അമേരിക്ക തുടര്‍ച്ചയായി ക്രൂരമായ ഭീകരാക്രമണങ്ങള്‍ക്ക് ഇരയായി.
ഭീകരവാദത്തിന് മേല്‍ വിജയം നേടാന്‍ എല്ലാവരും യോജിക്കണമെന്നും വളര്‍ന്നു വരുന്ന മുസ്ലീം കുട്ടികള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മധ്യഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്നും ഏത് തരം ഭാവിയാണ് വേണ്ടതെന്ന് അവര്‍ തന്നെ നിശ്ചയിക്കണമെന്നും ട്രംപ് വ്യക്തമാക്കി.