തിരുവനന്തപുരം വിഴിഞ്ഞത്തിന് സമീപം പുല്ലുവിളയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഒരു വര്‍ഷത്തിനിടെ രണ്ടാമത്തെ ആളാണ് ഇവിടെ തെരുവുനായയുടെ കടിയേറ്റ് മരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് റോഡ് ഉപരോധിക്കുന്നത് അടക്കമുളള പ്രതിഷേധങ്ങളുമായി നാട്ടുകാരും ഇന്ന് മരണമടഞ്ഞ മത്സ്യത്തൊഴിലാളി ജോസ്‌ക്ലിന്റെ ഭാര്യയും കുട്ടികളും അടക്കമുളളവര്‍ പങ്കെടുക്കുന്നത്.
സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് പുല്ലുവിളയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. തെരുവുനായ ശല്യം അതിരൂക്ഷമായ ഇവിടെ കഴിഞ്ഞ വര്‍ഷം നായകളുടെ ആക്രമണത്തില്‍ മരണമടഞ്ഞ ഷീലുവമ്മയുടെ വീടിന് അടുത്താണ് ജോസ്‌ക്ലിനും താമസിക്കുന്നത്. ഇവരുടെ ബന്ധുക്കള്‍ക്കൊപ്പം ആയിരുന്നു ജോസ്‌ക്ലിന്‍ മത്സ്യബന്ധനം നടത്തിയിരുന്നത്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നതുമാണ്.
ഇന്നലെ രാത്രി കടല്‍ത്തീരത്ത് വെച്ചാണ് ജോസ്‌ക്ലിനെ തെരുവുനായകള്‍ വളഞ്ഞിട്ട് ആക്രമിക്കുന്നത്. നായകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് ബോധരഹിതനായി കിടന്ന ഇയാളെ നാട്ടുകാര്‍ കണ്ടെത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ കീഴ്ത്താടി നായകള്‍ കണ്ടെടുത്തിരുന്നു. കൂടാതെ കൈകളിലും കാലുകളിലും നായകള്‍ കടിച്ചതിന്റെ പാടുകളായിരുന്നു മുഴുവന്‍. ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനുശേഷം പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോകുന്നതിനായി വളളത്തില്‍ ഉറങ്ങാന്‍ പോകുമ്പോഴായിരുന്നു ജോസ്‌ക്ലിനെ നായകള്‍ കടിക്കുന്നത്.