തിരുവനന്തപുരം വിഴിഞ്ഞത്തിനു സമീപം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് വീണ്ടും മരണം. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിനാണ് മരണമടഞ്ഞത്. ഇന്നലെ രാത്രിയാണ് ജോസ്‌ക്ലിന് നായയുടെ കടിയേല്‍ക്കുന്നത്. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍ ജോലിക്കുശേഷം വീട്ടിലെത്തിയിരുന്നു. ഭക്ഷണം കഴിച്ചശേഷം രാത്രി പുറത്തിറങ്ങിയപ്പോളായിരുന്നു കടല്‍ത്തീരത്ത് വെച്ച് നായയുടെ കടിയേല്‍ക്കുന്നത്. നായകള്‍ കൂട്ടത്തോടെ ആക്രമിച്ചപ്പോള്‍ കടലില്‍ ചാടി രക്ഷപ്പെടാന്‍ ജോസ്‌ക്ലിന്‍ ശ്രമിച്ചിരുന്നു.
തുടര്‍ന്ന് നാട്ടുകാരെത്തിയാണ് ജോസ്‌ക്ലിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. ദേഹമാസകലം മുറിവുകള്‍ ഉണ്ടായിരുന്നതായിട്ടാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഇന്നു പുലര്‍ച്ചെ ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മുറിവുകളിലൂടെ രക്തം ധാരാളം വാര്‍ന്നുപോയതായും തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലും പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് ഒരു വൃദ്ധ മരിച്ചിരുന്നു. തുടര്‍ന്ന് തെരുവുനായകള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊളളുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.