ചെന്നൈ: ബിജെപിയുമായി സഹകരിക്കുമെന്ന സൂചനകള്‍ നല്‍കിയതിന് പിന്നാലെ അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ഒ. പനീര്‍ശെല്‍വം വിവാദ ട്വീറ്റ് നീക്കം ചെയ്തു. ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടശേഷമായിരുന്നു പനീര്‍ശെല്‍വത്തിന്റെ ട്വീറ്റ്. തദ്ദേശ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനുശേഷം ബിജെപിയുമായുളള സഖ്യത്തെക്കുറിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു ട്വീറ്റ്.
അണ്ണാ ഡിഎംകെ ലയന ചര്‍ച്ചകള്‍ക്ക് തിരിച്ചടി നേരിട്ടതോടെയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ഒ പനീര്‍ശെല്‍വവും കൂട്ടരും ശ്രമിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പനീര്‍ശെല്‍വത്തിന്റെ ട്വീറ്റിന് വലിയ പ്രചാരവും ലഭിച്ചു. ഇതിനിടെ പനീര്‍ശെല്‍വത്തിന്റെ ട്വീറ്റിനെതിരെ അണ്ണാ ഡിഎംകെ ഔദ്യോഗിക പക്ഷം രംഗത്തെത്തി. പനീര്‍ശെല്‍വം സത്യം തുറന്നുപറഞ്ഞെന്നായിരുന്നു ഇവരുടെ പ്രതികരണം. ട്വീറ്റിനെചൊല്ലിയുളള ചര്‍ച്ചകള്‍ ചൂട് പിടിക്കവെ പനീര്‍ശെല്‍വം അരമണിക്കൂറിനുളളില്‍ ആദ്യട്വീറ്റ് നീക്കം ചെയ്യുകയും ട്വിറ്ററിലൂടെ തന്നെ തിരുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനുശേഷം മാത്രമെ ഏതെങ്കിലും പാര്‍ട്ടിയുമായുളള സഖ്യത്തെക്കുറിച്ച് ആലോചിക്കുന്നുളളുവെന്നാണ് അദ്ദേഹം തിരുത്തിയത്. അണികളുമായി നേരിട്ട് സംവദിക്കാനുളള പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്നും ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. അണ്ണാഡിഎംകെ ഔദ്യോഗികപക്ഷമായ മുഖ്യമന്ത്രി പളനിസാമിയും അനുയായികളുമായി ലയനത്തില്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ വന്നതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സഖ്യമുണ്ടാക്കാനുള്ള ഒപിഎസ് പക്ഷത്തിന്റെ ശ്രമം.