ജംഷഡ്പൂര്‍: കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്നാരോപിച്ച് ജനകൂട്ടം യുവാക്കളെ തല്ലി കൊല്ലുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് അടികൊണ്ട് അവശനായി വീണിട്ടും യുവാക്കളെ അക്രമാസക്തരായ ജനകൂട്ടം നിര്‍ത്താതെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. അക്രമികളെ നിയന്ത്രിക്കാന്‍ പൊലീസ് നടത്തുന്ന ശ്രമങ്ങള്‍ പാഴാവുന്നതും കാണാം.
സിംഗ്ഭും ജില്ലയിലെ കിഴക്കൻ മേഖലയില്‍ കഴിഞ്ഞ ദിവസമാണ് വികാസ് കുമാര്‍ വേര്മ്മ, ഗൗതം കുമാര്‍ വേര്മ്മ, ഗംഗേഷ് ഗുപ്ത എന്നീ മൂന്ന് യുവാക്കളെ കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്നാരോപിച്ച് വീട്ടില്‍ നിന്നും വലിച്ചിറക്കി ജനകൂട്ടം തല്ലിക്കൊന്നത്. സന്ദേശം പ്രചരിച്ചതിന് പിന്നാലെ ആദിവാസി മേഖലയിലെ ജനക്കൂട്ടം ബാറ്റുകളും വടികളുമായി അപരിചിതരെ ആക്രമിക്കുകയായിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന് വാട്സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആള്‍കൂട്ടം അപരിചിതരെ ആക്രമിക്കുകയായിരുന്നു. ദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി ഇത്തരത്തില്‍ സന്ദേശം പ്രചരിച്ചിട്ടും പൊലീസ് നടപടിയൊന്നും എടുത്തില്ലന്നും ഇതാണ് കാര്യങ്ങള്‍ കൈവിട്ട് പോകാന്‍ കാരണമെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ മേഖലയിലാണ് വ്യാപക അക്രമം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നുവെന്ന വാര്‍ത്തകര്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് ആറ് യുവാക്കളെ ഗ്രാമീണര്‍ പിടികൂടി തല്ലിക്കൊന്നത്. സ്ഥലത്തെത്തിയ പൊലീസിനെയും ജനക്കൂട്ടം ആക്രമിച്ചു. കൂടുതല്‍ പൊലീസെത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത്. ചിലയിടത്ത് പൊലീസ് ലാത്തിവീശി. ടിയര്‍ഗ്യാസ് പ്രയോഗിച്ചു. അക്രമാസക്തരായ ജനകൂട്ടം പൊലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു.
കുട്ടികളെ തട്ടിയെടുക്കുന്നു വെന്ന സന്ദേശം പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. വിവിധ ഗോത്രങ്ങള്‍ തമ്മിലുളള സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.