ചെന്നൈ: അണ്ണാഡിഎംകെ വിമത വിഭാഗമായ ഒ പനീര്‍ശെല്‍വം പക്ഷം ബിജെപിയുമായി കൈകോര്‍ക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയില്‍ ഒപിഎസ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചു. അണ്ണാഡിഎംകെ ലയന ചര്‍ച്ചകള്‍ തിരിച്ചടി നേരിട്ടതോടെയാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ഒ പനീര്‍ശെല്‍വവും കൂട്ടരും ശ്രമിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ബിജെപി സഖ്യത്തെ കുറിച്ച് വ്യക്തമായൊന്നും പ്രതികരിക്കാന്‍ മോഡിയെ സന്ദര്‍ശിച്ച ശേഷവും ഒപിഎസ് തയ്യാറായിട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് ശേഷം മാത്രമേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായുള്ള സഖ്യത്തെ കുറിച്ച് തീരുമാനമെടുക്കുകയുള്ളു എന്നാണ് ട്വിറ്ററിലൂടെയുള്ള ഒപിഎസിന്റെ പ്രതികരണം. വെള്ളിയാഴ്ചയാണ് പനീര്‍ശെല്‍വം പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികളും രാഷ്ട്രീയാന്തരീക്ഷവുമാണ് ചര്‍ച്ച ചെയ്തതെന്നാണ് പ്രതികരണം.