തിരുവനന്തപുരം പേട്ടയില്‍ ലൈംഗികാതിക്രമം തടയാനായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേത് ധീരമായ നടപടിയെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചു. സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ചുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മാത്രം മതിയല്ലോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വളരെ ഉദാത്തമായ നടപടിയാണ് പെണ്‍കുട്ടിയുടേതെന്നും ആ കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമിയെന്ന ശ്രീഹരി ഡോക്ടര്‍മാരോട് പറഞ്ഞത് മറിച്ചാണ്. യുവതിയല്ല, താന്‍ സ്വയം മുറിച്ചതാണെന്നാണ് ഇയാള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോടാണ് ശ്രീഹരിസ്വാമി ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇയാള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയ മൊഴി പൊലീസ് കമ്മീഷണര്‍ തളളിയിട്ടുണ്ട്. പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചതായി യുവതി മൊഴി നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാമിയെ ആക്രമിച്ചത് താനാണെന്നാണ് നിയമവിദ്യാര്‍ത്ഥി കൂടിയായ പെണ്‍കുട്ടിയുടെ മൊഴി. അഞ്ചുവര്‍ഷമായി തുടരുന്ന പീഡനം സഹിക്കവയ്യാതെയാണ് വ്യാഴാഴ്ച രാത്രി സ്വാമി വീട്ടിലെത്തുമെന്ന് അറിയിച്ചപ്പോള്‍ കത്തി വാങ്ങി കാത്തിരുന്നതെന്നും പെണ്‍കുട്ടി പറയുന്നു.
എറണാകുളം കോലഞ്ചേരി സ്വദേശിയായ സ്വാമി ആറന്മുള വിമാനത്താവളത്തിന് എതിരായ സമരത്തില്‍ സന്യാസിമാര്‍ക്കൊപ്പം ഉണ്ടായിരുന്നതായും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയ സന്യാസിമാരുടെ സംഘത്തിലും ഇയാളുണ്ടായിരുന്നതായിട്ടാണ് വിവരങ്ങള്‍. തിരുവനന്തപുരം കണ്ണന്‍മൂലയില്‍ ചട്ടമ്പിസ്വാമികളുടെ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മുമ്പൊരു സമരം നടന്നിരുന്നു. അന്ന് സമരത്തിന്റെ മുന്നില്‍ നിന്നിരുന്നതാണ് ഇയാളെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സമരത്തിനിടെയാണ് ശ്രീഹരിയെന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീടുമായി അടുക്കുന്നത്.
അടിയന്തര ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്ന ഇയാളെ ഉടന്‍തന്നെ പൊലീസ് ചോദ്യം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ചവറ പൊലീസ് കൊല്ലം പന്മന ആശ്രമത്തിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പ്രതിയ്ക്ക് പന്മന ആശ്രമവുമായി ബന്ധമില്ലെന്ന് അധികൃതര്‍ അറിയിച്ചു. പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുന്നെ പഠനം പൂര്‍ത്തിയാക്കി ആശ്രമം വിട്ടതാണ് ഇയാളെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നും ആശ്രമം അധികൃതര്‍ പറഞ്ഞു. സ്വഭാവദൂഷ്യത്തിന്റെ പേരില്‍ പ്രതിയെ നേരത്തെ പുറത്താക്കിയിരുന്നുവെന്നും അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍ 15 ദിവസം മുന്നെയും ഇയാള്‍ ആശ്രമത്തില്‍ എത്തിയിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വനിതാകമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.