ഡ്രൈവിങ് ടെസ്റ്റില്‍ ആശങ്ക വേണ്ട; എതിര്‍പ്പിനെ തുടര്‍ന്ന് പുതിയ പരീക്ഷണങ്ങളില്‍ രണ്ടെണ്ണം ഒഴിവാക്കി; നിര്‍ദേശം നല്‍കിയത് മന്ത്രി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിന് ഏര്‍പ്പെടുത്തിയ പുതിയ രീതികളില്‍ ചിലത് മോട്ടോര്‍വാഹനവകുപ്പ് ഒഴിവാക്കി. മന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഗ്രേഡിയന്റ് ടെസ്റ്റ് (കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുക), ആങ്കുലര്‍ റിവേഴ്സ് പാര്‍ക്കിങ് (പിന്നോട്ടെടുത്ത് പാര്‍ക്ക് ചെയ്യുക) എന്നിവയാണ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. നിലവില്‍ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്ന പലര്‍ക്കും വാഹനമോടിക്കാന്‍ അറിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡ്രൈവിങ് ടെസ്റ്റിന് പുതിയ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്.
വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതും ടെസ്റ്റില്‍ മാറ്റങ്ങള്‍ വരുത്തി കര്‍ശനമാക്കാന്‍ കാരണമായി. തുടര്‍ന്ന് പുതിയ നിര്‍ദേശങ്ങളില്‍ ചിലത് പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സിഐടിയു നേതൃത്വം നല്‍കുന്ന ഡ്രൈവിങ് സ്‌കൂള്‍ അസോസിയേഷന്‍ പുതിയ പരീക്ഷാരീതിയെ എതിര്‍ത്തു. കൂടാതെ ഒരുവിഭാഗം ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ഇതിനെതിരെ രംഗത്തെത്തി. ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. പിന്നീട് രാഷ്ട്രീയ ഇടപെടലാണ് ടെസ്റ്റ് രീതി പിന്‍വലിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
ഒഴിവാക്കിയ പരീക്ഷണങ്ങള്‍
കയറ്റത്തില്‍ നിര്‍ത്തിയ വാഹനം പിന്നോട്ടിറങ്ങാതെ മുന്നോട്ടെടുക്കുന്നതും പിറകോട്ടെടുത്ത് പാര്‍ക്ക് ചെയ്യുന്നതും
കമ്പികളുടെ നീളം 75 സെന്റീമീറ്റര്‍
ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ട്രാക്ക് വേര്‍തിരിക്കുന്നതിനുള്ള കമ്പികളുടെ നീളം കുറച്ചത് 22 മുതല്‍ നടപ്പാക്കും. 75 സെന്റീമീറ്ററായി കമ്പികളുടെ ഉയരം നിശ്ചയിച്ചു. ട്രാക്കില്‍ വാഹനമോടിക്കുന്നവര്‍ക്ക് സഹായകരമായ രീതിയില്‍ കമ്പികള്‍, കുറ്റികള്‍, റിബണ്‍ എന്നിവ ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്.

© 2024 Live Kerala News. All Rights Reserved.