നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്. മാവോയിസ്റ്റ് മുഖപത്രമായ കമ്മ്യൂണിസ്റ്റില്‍ പറയുന്ന മാവോയിസ്റ്റ് സംഘാംഗം മഞ്ജുവെന്നത് കൊല്ലപ്പെട്ട മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയംഗം കുപ്പു ദേവരാജാണെന്നും പൊലീസ് പറയുന്നു. ഇതിന്റെ വ്യക്തമായ തെളിവുകള്‍ വെടിവെപ്പുണ്ടായ ഒണക്കപ്പാറ വനമേഖലയിലെ മാവോവാദികളുടെ ക്യാംപ് ഷെഡില്‍ നിന്നും ലഭിച്ചിരുന്നതായി പൊലീസും സംസ്ഥാന ആഭ്യന്തരവകുപ്പും സ്ഥിരീകരിക്കുന്നു.
ക്യാംപ് ഷെഡില്‍ നിന്നും ലഭിച്ച ടൈപ്പ് റൈറ്ററില്‍ പൂര്‍ത്തിയാകാത്ത മുഖപത്രത്തിന്റെ ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. വര്‍ഗസമരം എന്ന ലേഖനത്തിന്റെ താളുകള്‍ ടൈപ്പ് റൈറ്ററില്‍ ഉണ്ടായിരുന്നതായും ഇതിലെ വിരലടയാളം കൊല്ലപ്പെട്ട കുപ്പു ദേവരാജിന്റെതാണെന്നും പൊലീസ് പറയുന്നു. സിപിഐ(മാവോയിസ്റ്റ്)പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കുന്ന മുഖപത്രത്തിലെ രചനകളില്‍ മഞ്ജുവെന്ന പേരാണ് കുപ്പുദേവരാജ് സ്വീകരിച്ചിരുന്നതെന്നും ചില രചനകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു.
ഈ മാസം പുറത്തിറങ്ങിയ സിപിഐ മാവോയിസ്റ്റ് മുഖപത്രത്തിലാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനും അജിതയ്ക്കും പിന്നാലെ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടതായി വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റ് മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു അജിതയും മഞ്ജുവുമെന്നു മുഖപ്രസംഗത്തില്‍ അനുസ്മരിക്കുന്നുണ്ട്. 2016 നവംബറില്‍ കരുളായി വനത്തില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജും അജിതയും കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് അന്ന് സ്ഥിരീകരിച്ചത്. വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടെന്നും മൂന്നാമന്‍ മലയാളിയായ സോമനാണെന്നും പ്രചാരണവും നടന്നിരുന്നു.