പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചുനീക്കി; സ്വാമിക്കെതിരെയും യുവതിയുടെ അമ്മയ്‌ക്കെതിരെയും കേസെടുത്തു

ലൈംഗിക അതിക്രമം തടയാന്‍ യുവതി മദ്ധ്യവയസ്‌കന്റെ ജനനേന്ദ്രിയം മുറിച്ചു. തിരുവനന്തപുരത്താണ് സംഭവം. കൊല്ലം പന്മന ആശ്രമത്തിലെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍(ഹരി) എന്ന പേരില്‍ അറിയപ്പെടുന്ന അന്‍പത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയമാണ് പീഡനശ്രമം തടയാനായി പെണ്‍കുട്ടി മുറിച്ചുമാറ്റിയത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെക്കുറിച്ച് പേട്ട പൊലീസ് നല്‍കുന്ന വിവരങ്ങള്‍ ഇപ്രകാരമാണ്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കാലം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ സ്വാമി എന്നറിയപ്പെടുന്ന ഹരി നിരന്തരം എത്തുമായിരുന്നു. അസുഖം ബാധിച്ച അച്ഛനും അമ്മയും മാത്രമാണ് പെണ്‍കുട്ടിയുടെ വീട്ടിലുളളത്. അമ്മയുമായുളള സൗഹൃദം മുതലെടുത്താണ് ഇയാള്‍ വീടുമായി ബന്ധം സ്ഥാപിക്കുന്നത്. വര്‍ഷങ്ങളോളമായി ഈ പെണ്‍കുട്ടിയുടെ വീടുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാള്‍ പലപ്പോഴും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിരുന്നു. കൂടാതെ പ്ലസ് ടുവിന് പഠിക്കുന്ന കാലം മുതലെ ഇയാള്‍ പീഡിപ്പിച്ചിരുന്നതായി ഇരുപത്തിമൂന്നുകാരിയായ യുവതി പൊലീസിന് മൊഴി നല്‍കി. ഇന്നലെ വൈകിട്ടും വീട്ടിലെത്തിയ സ്വാമി എന്നറിയപ്പെടുന്ന പെണ്‍കുട്ടിയോട് മോശമായി പെരുമാറി.
തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നേരത്തെ കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് അയാളുടെ ജനനേന്ദ്രിയം മുറിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് രക്തംവാര്‍ന്ന് കിടന്ന സ്വാമിയെ പെണ്‍കുട്ടിയുടെ വീട്ടുകാരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോക്‌സോ നിയമപ്രകാരവും ബലാത്സംഗ ശ്രമത്തിനും സ്വാമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. പെണ്‍കുട്ടി പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തി മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ അമ്മയും പീഡനത്തിന് ഒത്താശ ചെയ്തുവെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് അമ്മയ്‌ക്കെതിരെയും പേട്ട പൊലീസ് കേസെടുത്തു. പന്മന ആശ്രമത്തില്‍ നിന്നും 15 വര്‍ഷം മുന്നെ പഠനം പൂര്‍ത്തിയാക്കി ആശ്രമം വിട്ടതാണ് ഇയാളെന്നും ഇപ്പോള്‍ ആശ്രമവുമായി ഒരു ബന്ധവും സ്വാമിക്ക് ഇല്ലെന്നും ആശ്രമം അധികൃതര്‍ അറിയിച്ചു.

© 2022 Live Kerala News. All Rights Reserved.