മോഡി വിദേശയാത്രയില്‍; കൊച്ചി മെട്രൊയുടെ ഉദ്ഘാടനത്തിന് എത്തില്ല; പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെ ഉദ്ഘാടനം തീരുമാനിച്ചത് ശരിയായില്ലെന്ന് ബിജെപി

കൊച്ചി മെട്രൊയുടെ ഉദ്ഘാടന ചടങ്ങിന്റെ തിയതി നിശ്ചയിച്ചത് വിവാദത്തിലേക്ക്. പ്രധാനമന്ത്രിയുടെ സമയം ചോദിക്കാതെയാണ് ഉദ്ഘാടനം തീരുമാനിച്ചതെന്നും ഇത് ശരിയായില്ലെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ മെട്രൊയുടെ ഉദ്ഘാടന കാര്യത്തില്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്നും സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ബിജെപി വ്യക്തമാക്കി.
കൊച്ചി മെട്രൊയുടെ ഉദ്ഘാടനം തീരുമാനിച്ച മേയ് 30ന് പ്രധാനമന്ത്രി യൂറോപ്പ് സന്ദര്‍ശനത്തിലായിരിക്കും. ജൂണ്‍ നാലിനായിരിക്കും പ്രധാനമന്ത്രി മടങ്ങിയെത്തുന്നത്. ജൂണ്‍ നാലുമുതല്‍ ആറുവരെ പ്രധാനമന്ത്രിക്ക് സൗകര്യമുണ്ടെന്ന് അറിയിച്ചിരുന്നു. സ്‌പെയിന്‍, റഷ്യ, ജര്‍മ്മനി എന്നി രാജ്യങ്ങളുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒന്നരമാസം മുന്‍പ് നിശ്ചയിച്ച വിദേശയാത്രയാണിതെന്നും പിഎം ഓഫിസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശിയാണിതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനത്തിന്റെ പ്രതികരണം. വികസന കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ഏറ്റുമുട്ടുന്നത് ശരിയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും വ്യക്തമാക്കി.
കൊച്ചി മെട്രൊയുടെ ഉദ്ഘാടനം ഈ മാസം മുപ്പതിന് നടക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രന്‍ ഇന്ന് അറിയിച്ചിരുന്നു. ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹത്തിന്റെ സമയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ലെന്നും അദ്ദേഹം എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.