തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച്1എന്‍1ഉം പടര്‍ന്ന് പിടിക്കുന്നു. മഴക്കാലത്തിന് മുമ്പ് തന്നെ എച്ച്1എന്‍1 റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. 2015ല്‍ 80 പേരാണ് സംസ്ഥാനത്ത് എച്ച്1എന്‍1 ബാധിച്ച് മരിച്ചത്. ഇത്തവണ മരണം 36 ആയി. ഡെങ്കിപ്പനി ബാധിച്ച് ഇതുവരെ 14 പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.
3525 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം 2700 പേര്‍ക്ക് രോഗബാധയേറ്റു. മഴക്കാലമാകും മുമ്പ് എച്ച്1എന്‍1 പടരുന്നതാണ് ആരോഗ്യവകുപ്പിനേയും ആശങ്കപ്പെടുത്തുന്നത്. ഇതോടെ മഴക്കാല പൂര്‍വ്വ ശുചീകരണം ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. മഴയെത്തിയാല്‍ അത്യന്തം ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു.
ശുചീകരണത്തില്‍ വീഴ്ചയെന്ന് ആരോഗ്യവകുപ്പ് പറയുമ്പോള്‍ ഏകോപനമില്ലായ്മയാണ് വീഴ്ചക്ക് കാരണമെന്നാണ് തദ്ദേശവകുപ്പ് പറയുന്നത്.
ഡെങ്കിപ്പനി പ്രതിരോധത്തിന് കൊതുക് നിയന്ത്രണമാണ് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നതാണ് രോഗം പടരാന്‍ കാരണം. ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും ഉറപ്പ് വരുത്തണം. പ്രായാധിക്യമുള്ളവരും മറ്റ് പ്രതിരോധ രോഗമുള്ളവരും രക്തസമ്മര്‍ദ്ദമുള്ളവരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.