നിലമ്പൂരില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ മൂന്നുമാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സിപിഐ മാവോയിസ്റ്റ് മുഖപത്രം. കഴിഞ്ഞ വര്‍ഷം നവംബറില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജിനും അജിതയ്ക്കും പിന്നാലെ സംഘാംഗമായ മഞ്ജുവും കൊല്ലപ്പെട്ടതായി ഈ മാസം പുറത്തിറങ്ങിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’ വെളിപ്പെടുത്തുന്നത്. മാവോയിസ്റ്റ് മുഖപത്രം പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നു അജിതയും മഞ്ജുവുമെന്നു മുഖപ്രസംഗത്തില്‍ അനുസ്മരിക്കുന്നതായും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇരുവരുടെയും രചനകള്‍ ഏറ്റുമുട്ടലില്‍ നഷ്ടപ്പെട്ടു. അവശേഷിച്ച ലേഖനങ്ങളുമായാണു പത്രം പുറത്തിറക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി ആദ്യം പൊലീസ് അറിയിച്ചെങ്കിലും പിന്നീടു രണ്ടുപേര്‍ കൊല്ലപ്പെട്ടെന്നു തിരുത്തുകയായിരുന്നു. ഏറ്റുമുട്ടലിനുശേഷം കുപ്പു ദേവരാജിന്റെയും അജിതയുടെയും മൃതദേഹങ്ങള്‍ മാത്രമാണു പൊലീസിനു കണ്ടെടുക്കാനായത്. മഞ്ജുവിന്റെ മൃതദേഹം മാവോയിസ്റ്റ് സംഘം സംഭവസ്ഥലത്തുനിന്നു കടത്തിയെന്നാണു സൂചന.
മാവോയിസ്റ്റ് അനുഭാവികള്‍ക്കിടയില്‍ വിതരണത്തിനായി തയാറാക്കിയ മുഖപത്രം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയ്ക്കു (ഐബി) ലഭിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന വനമേഖലയില്‍ (ട്രൈ ജംക്ഷന്‍) ഗറില്ലാ യുദ്ധം തുടങ്ങുമെന്ന പ്രഖ്യാപനവും മുഖപത്രത്തിലുണ്ട്.
ഏഴുമാസം ഉള്‍വനത്തിലൂടെ സഞ്ചരിച്ചശേഷമാണു മാവോയിസ്റ്റ് സംഘാംഗങ്ങള്‍ക്കു 2012 ഡിസംബറില്‍ വയനാട്ടിലെത്തി ട്രൈ ജംക്ഷനില്‍ പശ്ചിമഘട്ട മേഖലാ സമിതിയുടെ പ്രവര്‍ത്തനകേന്ദ്രം സ്ഥാപിക്കാന്‍ കഴിഞ്ഞത്. ഇവിടം ഗറില്ലാ യുദ്ധമേഖലയാക്കി ശക്തമായ സായുധ ആക്രമണങ്ങള്‍ക്കു തയാറെടുക്കുന്നതായും മുഖപത്രത്തില്‍ വെളിപ്പെടുത്തുന്നു. കൂടാതെ സായുധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുക്കാലി ഫോറസ്റ്റ് ഓഫിസും തിരുനെല്ലിയിലെ ടൂറിസ്റ്റ് റിസോര്‍ട്ടും തകര്‍ത്തു. കൊച്ചിയില്‍ ഇന്ത്യ ജപ്പാന്‍ സംയുക്ത സംരംഭമായ നീറ്റ ജലാറ്റിന്‍ കമ്പനി ആക്രമിച്ചു.കണ്ണൂര്‍ നെടുമ്പോയില്‍ ന്യൂ ഭാരത് സ്റ്റോണ്‍ ക്രഷര്‍ യൂണിറ്റിനു തീയിട്ടു. യുഎസ് പ്രസിഡന്റായിരുന്ന ബറാക് ഒബാമയുടെ ഇന്ത്യാസന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചു കെടിഡിസി താമരിന്‍ഡ് ഈസി ഹോട്ടലും കളമശേരിയില്‍ ദേശീയപാത അതോറിറ്റി ഓഫിസും ആക്രമിച്ചതും സായുധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നുവെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.