ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ സ്‌റ്റേ ചെയ്ത് അന്താരാഷ്ട്ര നീതിന്യായ കോടതി. പാകിസ്താന്‍ തിരിച്ചടി നല്‍കി വാദങ്ങളെല്ലാം കോടതി തള്ളി. കേസില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപെടാനാവില്ലെന്ന പാകിസ്താന്റെ വാദം കോടതി തള്ളി. പാകിസ്താന്റെ അധികാരപരിധി വാദം കോടതി തള്ളി. വിയന്ന കരാര്‍ ലംഘനം നടന്നുവെന്ന ഇന്ത്യയുടെ വാദം കോടതി അംഗീകരിച്ചു. കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര, നിയമ സഹായം ലഭിക്കാന്‍ അര്‍ഹതയും അവകാശവുമുണ്ട്.
അന്താരാഷ്ട്ര നീതിന്യായ കോടതി അധ്യക്ഷന്‍ ജഡ്ജ് റോണി എബ്രഹാമാണ് വിധി പ്രസ്താവിച്ചത്. 11 അംഗ ബെഞ്ചാണ് ഉത്തരവിട്ടത്. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥ സംഘവും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു.
ചാരപ്രവര്‍ത്തനം ആരോപിച്ച് ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ച സംഭത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി കഴിഞ്ഞ ദിവസം വാദം കേട്ടതിന് പിന്നാലെ അടയന്തരമായി വിധി പ്രഖ്യാപിക്കുമെന്ന്. പാകിസ്താന്‍ വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണ് നടത്തിയതെന്ന് ഇന്ത്യക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ബോധിപ്പിച്ചിരുന്നു. വിയന്ന കണ്‍വെന്‍ഷന്‍ ആര്‍ട്ടിക്കള്‍ 36ന്റെ ലംഘനമാണ് പാകിസ്താന്‍ നടത്തിയതെന്നാണ് ഇന്ത്യ പ്രധാനമായും ആരോപിച്ചത്. നീതിന്യായ കോടതി വിധി വരും മുമ്പ് തന്നെ പാകിസ്താന്‍ വധശിക്ഷ നടപ്പാക്കുമെന്ന ആശങ്കയുണ്ടെന്നും ഇന്ത്യ അറിയിച്ചതോടെ ഉടന്‍ വിധി പ്രഖ്യാപിക്കുമെന്നായിരുന്നു കോടതി പറഞ്ഞത്.
മുന്‍ നാവിക സേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ അറസ്റ്റ് ചെയ്തതും വിചാരണ നടത്തി ശിക്ഷവിധിച്ചതും പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിരുന്നില്ല. നിയമസഹായം നല്‍കണമെന്ന് ഇന്ത്യ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാകിസ്താന്‍ അനുവദിച്ചില്ല. നയതന്ത്ര പ്രതിനിധിയെ ജാദവിനെ കാണിക്കാനുള്ള അനുമതിയും നല്‍കിയില്ലെന്നും ഇന്ത്യ ആരോപിച്ചിരുന്നു. വധശിക്ഷ വിധിച്ച നടപടി കീഴ്വഴക്കങ്ങളുടെ ലംഘനമാണ്. അറസ്റ്റ് നടന്ന വിവരവും പാക് പട്ടാള കോടതിയുടെ ഉത്തരവും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും ഇന്ത്യ യുഎന്‍ കോടതിയെ അറിയിച്ചിരുന്നു.
തട്ടിക്കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയും പീഡിപ്പിക്കുകയും അവകാശലംഘനം നടത്തുകയുമായിരുന്നുവെന്നും ഇന്ത്യ പീസ് പാലസിലെ അന്താരാഷ്ട്ര കോടതിയില്‍ പറഞ്ഞത്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും അടിയന്തരമായ ഇടപെടലാണ് വേണ്ടതെന്നും രാജ്യം ആവശ്യപ്പെട്ടു. ഇന്ത്യയുടെ പരാതിയില്‍ താല്‍ക്കാലികമായി വധശിക്ഷ സ്റ്റേ ചെയ്യാന്‍ യുഎന്‍ കോടതി നേരത്തെ പാകിസ്താനോട് ഉത്തരവിട്ടിരുന്നു.
ജാദവിന്റെ മുസ്ലിം പേരുള്ള പാസ്പോര്‍ട്ടിന്റെ കാര്യത്തില്‍ വ്യക്തത നല്‍കാന്‍ ഇന്ത്യക്ക് സാധിച്ചില്ലെന്ന് പാകിസ്താന്‍ വിദേശകാര്യ പ്രതിനിധി മുഹമ്മദ് ഫൈസല്‍ ആരോപിച്ചു. രാഷ്ട്രീയ നാടക വേദിയായി ഇന്ത്യ കോടതിയെ ഉപയോഗിക്കുകയാണെന്നും പാകിസ്താന്‍ വാദിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളില്‍ അന്താരാഷ്ട്ര കോടതിക്ക് ഇടപപെടാന്‍ കഴിയില്ലെന്നും പാകിസ്താന്‍ വാദമുയര്‍ത്തി. പാകിസ്താന് വേണ്ടി ജനറല്‍ ഖവാര്‍ ഖുറേഷിയാണ് ഹാജരായത്.