മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്; ആരോപണങ്ങള്‍ തളളി ആരോഗ്യവകുപ്പ്; യോഗ്യതകള്‍ പരിഗണിച്ചാണ് നിയമനമെന്ന് അധികൃതര്‍

മന്ത്രി എ.കെ ബാലന്റെ ഭാര്യയുടെ നിയമനം വിവാദത്തിലേക്ക്. ആരോഗ്യവകുപ്പിന്റെ പദ്ധതിയായ ആര്‍ദ്രം മിഷന്റെ മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റായിട്ടാണ് എ.കെ ബാലന്റ ഭാര്യ ഡോ.പി.കെ ജമീലയെ നിയമിച്ചത്. ഈ തസ്തികയിലേക്ക് മൂന്നുപേര്‍ അപേക്ഷിച്ചിരുന്നുവെങ്കിലും അഭിമുഖത്തില്‍ പി.കെ ജമീല മാത്രമാണ് പങ്കെടുത്തതെന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അഭിമുഖം നടക്കുന്ന ഹാളില്‍ മറ്റൊരു അപേക്ഷകന്‍ കൂടി ഉണ്ടായിരുന്നെങ്കിലും മന്ത്രിയുടെ ഭാര്യ ഇതില്‍ പങ്കെടുക്കാന്‍ എത്തിയതോടെ അദ്ദേഹം മടങ്ങിപ്പോയെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.തുടര്‍ന്നാണ് മടങ്ങിപ്പോയതും. വിവാദമായ ബന്ധുനിയമനങ്ങള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ചുവെന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ് മാനെജ്‌മെന്റ് കണ്‍സല്‍റ്റന്റിന്റെ ചുമതല. ആശുപത്രി സൂപ്രണ്ട് പദവിയില്‍ പ്രവൃത്തിപരിചയമുളളവരെയാണ് പരസ്യത്തിലൂടെ ആരോഗ്യവകുപ്പ് ക്ഷണിച്ചിരുന്നത്. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
അതേസമയം ജമീലയുടെ യോഗ്യതകള്‍ പരിഗണിച്ചാണ് നിയമനമെന്നും ഏപ്രില്‍ 26ന് നടന്ന അഭിമുഖം സുതാര്യമായിരുന്നുവെന്നും ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. പരസ്യം ക്ഷണിച്ചായിരുന്നു നിയമനം നടത്തിയത്. വിരമിക്കുന്നതിന് മുമ്പ് അവസാനം വാങ്ങിയ ശമ്പളത്തില്‍ നിന്ന് പെന്‍ഷന്‍ തുക കുറച്ചുളളതായിരിക്കും ശമ്പളമെന്നും അദ്ദേഹം വ്യക്തമാക്കി.

© 2022 Live Kerala News. All Rights Reserved.