സ്‌കൂള്‍ സമയം രാവിലെ ഒമ്പതുമണിയാക്കാന്‍ ആലോചന; മദ്രസ പഠനത്തെ ബാധിക്കുമെന്ന് വിമര്‍ശനം; അന്തിമതീരുമാനം സര്‍ക്കാരിന് വിട്ടു

സംസ്ഥാനത്തെ സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കാന്‍ ആലോചന. ഹയര്‍ സെക്കന്‍ഡറിയുടെയും ഹൈസ്‌കൂളിന്റെയും സമയം ഏകീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് രാവിലെ ഒമ്പതുമുതല്‍ മൂന്നുവരെയുളള സമയം പരിഗണിക്കുന്നത്. നേരത്തെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. ഒന്നുമുതല്‍ 12 വരെയുളള ക്ലാസുകളെ ഒരു യൂണിറ്റായി കണക്കാക്കി അസംബ്ലിയും മറ്റും ഒരുമിച്ച് നടത്തണമെന്നായിരുന്നു ശുപാര്‍ശ.
സമയം ഏകീകരിക്കുന്ന കാര്യം സര്‍ക്കാരിന് വിടാനും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം യോഗം തീരുമാനിച്ചു. രാവിലെ ഒമ്പതുമണിക്ക് പ്രൈമറി തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് മദ്രസ വിദ്യാഭ്യാസത്തെവരെ ബാധിക്കുമെന്ന് അധ്യാപക സംഘടനാ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്നാണ് അന്തിമതീരുമാനം സര്‍ക്കാര്‍ എടുക്കട്ടെ എന്ന് തീരുമാനിച്ചത്. നിലവില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ രാവിലെ ഒമ്പതിനും ഒന്നുമുതല്‍ പത്തുവരെ ക്ലാസുകള്‍ പത്തുമണിക്കുമാണ് തുടങ്ങുന്നത്. സ്‌കൂളുകളില്‍ രണ്ടുവിഭാഗത്തിനുമായി ബെല്‍ മുഴങ്ങുന്നത് അടക്കമുളള ആശയക്കുഴപ്പങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.