മെഡിക്കല്‍ പിജി കോഴ്സുകളില്‍ ഫീസ് ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ എസ്എഫ്ഐയും ശാസ്ത്രസാഹിത്യ പരിഷത്തും രംഗത്ത്. മെറിറ്റ് ക്വാട്ടയെ മുഖവിലയ്ക്കെടുക്കാത്ത ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന് ആവശ്യപ്പെട്ടു. ഫീസ് വര്‍ധിപ്പിച്ച് അഞ്ചുദിവസങ്ങള്‍ക്കുശേഷമാണ് ഇതില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ ഔദ്യോഗിക പ്രസ്താവന എത്തുന്നതും. മെഡിക്കല്‍ പി ജി കോഴ്സുകളില്‍ ഫീസ് ഏകീകരണത്തിന്റെ ഭാഗമായി നടത്തിയിരിക്കുന്ന വര്‍ദ്ധനവ് മെറിറ്റ് ക്വാട്ടയെ മുഖവിലയ്ക്കെടുക്കുന്നതല്ല.
സാധാരണക്കാരുടെ മെറിറ്റ് സീറ്റിലെ മെഡിക്കല്‍ പി ജി വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ ഫീസ് വര്‍ദ്ധനവ്. അതുകൊണ്ടുതന്നെ സമഗ്രമായി പരിഷ്കരിച്ചുകൊണ്ട് സാധാരണക്കാരായ വിദ്യാര്‍ഥികളുടെ പ്രതീക്ഷയായ മെറിറ്റ് ക്വാട്ടയെ പരിഗണനയില്‍ ചെയ്യുന്നതാവണം ഫീസ് ഏകീകരണം. ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനം പുനഃപരിശോധിച്ചു മെറിറ്റ് സീറ്റിലെ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും വിജിന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
ഫീസ് വര്‍ധിപ്പിച്ചില്ലെങ്കില്‍ കോളെജുകളുടെ വാദം അംഗീകരിച്ചാണ് സര്‍ക്കാര്‍ ഈ ഫീസ് വര്‍ധനവിന് മുതിര്ന്നിട്ടുളളതെന്നും കോളെജ് ഉടമകളുടെ ഈ വാദം വസ്തുതാവിരുദ്ധമാണെന്നും ശാസ്ത്രസാഹിത്യ പരിഷത്ത് പറയുന്നു. മെഡിക്കല്‍ കോളേജുകളില്‍ രണ്ടുതരം വരുമാനമുണ്ട്. ഒരു വശത്ത് വിദ്യാര്‍ത്ഥികളുടെ ഫീസും മറുവശത്ത് രോഗികളില്‍ നിന്നുമുള്ള ചികിത്സാഫീസും അനുബന്ധവരവുകളും. ഈ രണ്ടാമത്തെ വരുമാനം മറച്ചുവെച്ചുകൊണ്ടാണ് കോളേജ് നടത്തിപ്പുകാര്‍ വരുമാനത്തിന്റെ കണക്കുകള്‍ എപ്പോഴും അവതരിപ്പിക്കുന്നത്.
ഈ വരുമാനം ഉണ്ടാകുന്നത് പിജി വിദ്യാര്‍ത്ഥികള്‍ ഡ്യൂട്ടി ഡോക്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്നതുകൊണ്ട് കൂടിയാണ്. ആശുപത്രികളില്‍ നിന്ന് വരുമാനമില്ല എന്ന കോളേജ് ഉടമകളുടെ വാദം വിശ്വസനീയമല്ല. മെഡിക്കല്‍ കോളേജിന്റെ ചെലവുകള്‍ ശമ്പള ഇനത്തിനും ആശുപത്രി നടത്തിപ്പിലും നിന്നുണ്ടാകുന്നതാണ്. ഇതുമുഴുവന്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് ആയി വാങ്ങുകയും ആശുപത്രിയിലെ ചികിത്സയില്‍ നിന്നുമുള്ള വരുമാനം കോളെജ് ഉടമകളുടെ മൂലധന സഞ്ചയത്തിലേക്ക് പോവുകയും ചെയ്യുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ രീതി ഒട്ടും ആശാസ്യമല്ല. ഇത്തരം അമിതമായ ഫീസ് വര്‍ദ്ധനവ് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നിരവധി ആനാരോഗ്യ പ്രവണതകള്‍ക്ക് കാരണമാകുമെന്നതും പരിഗണിക്കണമെന്നും പരിഷത്ത് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.