നജീബിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്;’ ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണം

ന്യൂ ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്. ജെഎന്‍യുവില്‍ എബിവിപി വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് 2016 ഒക്ടോബര്‍ 15ന് നജീബിനെ കാണാതെയാവുന്നത്. പൊലീസ് അന്വേഷണത്തില്‍ കാര്യമായ മുന്നേറ്റമുണ്ടാകാത്തതിനെ തുടര്‍ന്ന് നജീബിന്റെ അമ്മ സിബിഐ അന്വേഷണത്തിന് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം വേണമെന്ന വിദ്യാര്‍ത്ഥിയുടെ അമ്മയുടെ ആവശ്യത്തെ ഡല്‍ഹി പൊലീസ് എതിര്‍ത്തില്ല.
സിബിഐയോട് വിദ്യാര്‍ത്ഥിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കാന്‍ പറഞ്ഞ കോടതി ഡിഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കണമെന്നും നിര്‍ദേശിച്ചു. കേസില്‍ തുടര്‍വാദം ജൂലൈ 17ന് നടക്കും. നേരത്തെ ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ അലംഭാവത്തെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നജീബിന്റെ കേസില്‍ പടര്‍പ്പില്‍ തല്ലുകയാണ് പൊലീസെന്നാണ് കോടതി വിമര്‍ശിച്ചത്.

ഡല്‍ഹി പോലീസില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നും ഇതിനാല്‍ ഇതരസംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറണമെന്നുമാണ് നജീബിന്റെ അമ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 15 നാണ് ജെഎന്‍യു ബയോ ടെക്നോളജി വിദ്യാര്‍ത്ഥിയായ നജീബിനെ ക്യാപസില്‍ നിന്നും കാണാതായത്.

© 2024 Live Kerala News. All Rights Reserved.