‘ആ ദൃശ്യങ്ങള്‍ സിപിഐഎമ്മിന്റെ ആഘോഷപ്രകടനം തന്നെ’; കേസെടുക്കട്ടെ, ജയിലില്‍ പോകാനും തയ്യാറാണെന്ന് കുമ്മനം രാജശേഖരന്‍

വ്യാജദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിക്കുശേഷവും താന്‍ പറഞ്ഞതിലും പുറത്തുവിട്ട വീഡിയോയിലും ഉറച്ചുനില്‍ക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. താന്‍ പുറത്തുവിട്ടത് ബിജുവിന്റെ മരണം സിപിഐഎമ്മുകാര്‍ ആഘോഷിക്കുന്ന വീഡിയോയാണ്. ഒരു കാര്യം താന്‍ ചെയ്യുകയാണെങ്കില്‍ അത് ശരിയാണെന്ന് ഉറപ്പുവരുത്തിയിട്ടാണ് ചെയ്യാറുളളത്. ഇതിന്റെ പേരില്‍ അവര്‍ കേസെടുക്കട്ടെ, താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും കുമ്മനം പറഞ്ഞു.
എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കുമ്മനത്തിനെതിരെ ഇന്ന് പരാതി നല്‍കിയത്. വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുക വഴി കണ്ണൂരില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തിന് ശ്രമിച്ചുവെന്നും ആരോപിച്ചാണ് എസ്എഫ്ഐ നേതാവ് കുമ്മനത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക വഴി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരില്‍ സിപിഐഎം വിരോധം സൃഷ്ടിക്കുവാനും അവരെ ഉപയോഗിച്ച് സിപിഐഎം പ്രവര്‍ത്തകരെ ആക്രമിക്കാനുമാണ് കുമ്മനം ശ്രമിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുമ്മനം ഫെയ്സ്ബുക്കിലൂടെ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും സംഭവത്തില്‍ വേണ്ടി വന്നാല്‍ അധ്യക്ഷനെതിരെ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ പരാതിയുമായി എസ്എഫ്‌ഐ നേതാവ് എത്തിയതും. കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ടതിനുശേഷം സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനമെന്ന പറഞ്ഞാണ് വീഡിയോ കുമ്മനം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.