ലോകമെമ്പാടുമുള്ള സൈബര്‍ ആക്രമണം ഇന്ത്യയേയും പിടിച്ചുലയ്ക്കുമ്പോള്‍ മുന്‍കരുതല്‍ നടപടിയുമായി റിസര്‍വ് ബാങ്ക്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എടിഎമ്മുകളും അടിയന്തരമായി അടച്ചിടാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. പഴയ വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകള്‍ അടയ്ക്കാനാണ് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയത്.
വിന്‍ഡോസിന്റെ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്ത ശേഷം മാത്രം എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. ലോകമെമ്പാടും കമ്പ്യൂട്ടര്‍ ശൃംഖലയെ തകര്‍ത്ത വനാക്രൈ റാന്‍സംവെയര്‍ സൈബര്‍ ആക്രമണം രാജ്യത്തും റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ആര്‍ബിഐയുടെ പെട്ടെന്നുള്ള നീക്കം. കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ ഹാക്ക് ചെയ്ത ശേഷം പണം ആവശ്യപ്പെടുകയാണ് സൈബര്‍ സംഘം ചെയ്യുന്നത്. പണം നല്‍കിയില്ലെങ്കില്‍ ഫയലുകള്‍ നശിപ്പിക്കുകയാണ് രീതി.
എടിഎമ്മുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റം ഹാക്ക് ചെയ്യപ്പെടുമെന്ന ഭീതിയിലാണ് വിന്‍ഡോസ് എക്‌സ്പിയെ സൂക്ഷിക്കാന്‍ ആര്‍ബിഐ ബാങ്കുകളോട് പറഞ്ഞത്. രാജ്യത്ത് ആകെയുള്ള 2,25 ലക്ഷം എടിഎമ്മുകളില്‍ 60 ശതമാനവും കാലാഹരണപ്പെട്ട വിന്‍ഡോസ് എക്‌സ്പി ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വിന്‍ഡോസ് എക്‌സ്പിക്ക് പ്രത്യേക അപ്‌ഡേഷന്‍ ലഭ്യമാക്കാമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.
മാല്‍വേര്‍ ആക്രമണത്തിന് രാജ്യത്തെ കമ്പ്യൂട്ടറുകളും ഇരയായതോടെ പ്രമുഖ ബാങ്കുകളും തങ്ങളുടെ നെറ്റ്‌വര്‍ക്കുകള്‍ അവധി ദിനമായ ഞായറാഴ്ച തന്നെ അപ്‌ഡേഷന്‍ നടത്തിയിരുന്നു.