ന്യൂഡല്‍ഹി: വിദ്യാലയങ്ങള്‍ക്ക് ന്യൂനപക്ഷ പദവി കിട്ടാന്‍ സന്നദ്ദ സംഘടനകളായി നീതി ആയോഗില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണാനുകൂല്യങ്ങളോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ വ്യവസ്ഥ.
മതം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ട്രസ്റ്റ്, സൊസൈറ്റി, എന്നിവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ഇതിനായി നീതി ആയോഗ് വെബ്‌സൈറ്റില്‍ നല്‍കണം. ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷമായിരിക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുക. സര്‍ക്കാര്‍ സഹായം തേടുന്നില്ലെങ്കിലും നീതി ആയോഗില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. നീതി ആയോഗിന്റെ എന്‍ജിഒ ദര്‍പ്പണ്‍ എന്ന പോര്‍ട്ടലിലാണ് രജിസ്‌ട്രേഷന്‍.
നിലവില്‍ സര്‍ക്കാരിന്റെ അധികാരം പരിമിതപ്പെടുത്തികൊണ്ടുള്ള പ്രത്യേക പരിഗണനയും സ്വാതന്ത്ര്യവും ന്യൂനപക്ഷ പദവിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. വ്യക്തികള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ ചട്ടം ബാധകമല്ലെന്ന് ദേശീയ ന്യൂനപക്ഷ അവകാശ കമ്മീഷന്‍ വ്യക്തമാക്കി.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ ഉത്തരവിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. സര്‍ക്കാര്‍ സഹായം ആവശ്യമില്ലാത്ത സന്നദ്ധ സംഘടനകളും ട്രസ്റ്റുകളും ഇത്തരമൊരു രജിസ്ട്രേഷന്‍ നടത്തേണ്ടതിന്‍റെ ആവശ്യം എന്താണെന്ന ചോദ്യം ഉയരുന്നുണ്ട്. പുതിയ നിബന്ധന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥയ്ക്ക് വിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.