തിരുവനന്തപുരം: ഗവര്‍ണര്‍ രാജിവെക്കണമെന്ന ശോഭാ സുരേന്ദ്രന്റെ പരാമര്‍ശത്തെ തള്ളി മുതിര്‍ന്ന ബിജെപി നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. പ്രസ്താവന യുവാക്കളുടെ വികാരപ്രകടനമായി മാത്രം കണ്ടാല്‍ മതി. ഗവര്‍ണറെ അപമാനിക്കുക എന്ന ലക്ഷ്യം തന്റെ പാര്‍ട്ടിക്കില്ലെന്നും ഒ രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.
പിണറായിയെ പേടിയാണെങ്കില്‍ ഗവര്‍ണര്‍ പി സദാശിവം കസേരയില്‍ നിന്ന് ഇറങ്ങിപ്പാകണമെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പദവിയോട് അല്‍പ്പമെങ്കിലും മാന്യത കാണിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണറുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് പ്രവര്‍ത്തകെോന്റ കൊലപാതകവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ കേരള ഹൗസിനു മുന്‍പില്‍ നടത്തിയ പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശക്തമായ ഭാഷയില്‍ ശോഭാ സുരേന്ദ്രനും ഗവര്‍ണറെ പരസ്യമായി വിമര്‍ശിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈനികര്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി എംഎല്‍എ ഒ രാജഗോപാല്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചാണ് അഫ്‌സ്പ കേരളത്തിലേക്കും കൊണ്ടുവരണമെന്ന ആവശ്യം ഉന്നയിച്ചത്.
ബിജെപിയുടെ പരാതിയില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കുകയും പരാതി മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതി പി സദാശിവം മുഖ്യമന്ത്രിക്ക് കൈമാറിയതിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു. പരാതി മുഖ്യമന്ത്രിക്ക് കൈമാറാന്‍ ഗവര്‍ണറുടെ ആവശ്യമില്ലെന്നാണ് ബിജെപി പ്രതികരിച്ചത്.