കണ്ണൂര്‍: പയന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ വെട്ടികൊലപ്പെടുത്തിയ കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഏഴു പേരടങ്ങിയ സംഘമാണ് കൊല നടത്തിയതെന്നും, ഇവരെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു.
ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൃത്യം നടത്തിയത്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് ഇന്നു രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. വാഹന ഉടമയേയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. കൊലപാതകം നടത്താന്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണിതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
വെളളിയാഴ്ച വൈകീട്ടാണ് ആര്‍എസ്എസ് മണ്ഡലം കാര്യാവാഹക് ആയ ചൂരക്കാട് ബിജു കൊല്ലപെടുന്നത്. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തുകയായിരുന്നു. പാലക്കോട് പാലത്തിന് സമീപത്തുവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ സംഭവസ്ഥലത്ത് തന്നെ രക്തം വാര്‍ന്ന് മരിച്ചു. ശരീരത്തില്‍ നിരവധി വെട്ടുകളേറ്റിട്ടുണ്ട്.
സിപിഐ(എം) പ്രവര്‍ത്തകനായ ധനരാജ് കൊല്ലപ്പെട്ട കേസിലെ പന്ത്രണ്ടാം പ്രതിയായ ബിജു രണ്ട് ദിവസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. 2016 ജൂലൈയിലാണ് രാമന്തളി കുന്നരുവില്‍ സ്വദേശിയായ ധനരാജ് കൊല്ലപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ ഒരു സംഘം വീട്ടില്‍ കയറി കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ധനരാജിനെ വെട്ടിക്കൊന്നത്.